What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (21:35 IST)
കേരളം അടുത്തകാലത്തായി ആരോഗ്യരംഗത്ത് എടുത്തിരിക്കുന്ന വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്സിന്‍ നല്‍കാനുള്ള തീരുമാനം. ഗര്‍ഭാശയ കാന്‍സറിന് പ്രതിരോധം നല്‍കുന്ന ഹ്യൂമന്‍ പാപ്പിലോമാ വൈറസ് (HPV) വാക്സിന്‍  ഗര്‍ഭാശയ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനമായത്.
 
 
എന്താണ് എച്ച്പിവി വാക്‌സിനേഷന്‍
 
HPV (Human Papillomavirus) എന്നത് 100-ലധികം തരം വൈറസുകളുടെ ഒരു കുടുംബമാണ്, അതില്‍ ചില തരത്തിലുള്ള വൈറസുകളാണ് സ്ത്രീകളില്‍ ഗര്‍ഭാശയഗള കാന്‍സറിന് കാരണമാകുന്നത്. പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുക. സ്ത്രീശരീരത്തിലെ സെര്‍വിക്കല്‍ സെല്ലുകള്‍ക്ക് ഈ വൈറസ് ബാധ ഏല്‍ക്കുന്നത് കാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നു.
എച്ച്പിവി വൈറസിനെതിരെ നമ്മുടെ ശരീരത്തില്‍ പ്രതിരോധശേഷി ഉണ്ടാകുന്നതിനായാണ് എച്ച്പിവി വാക്‌സിനേഷന്‍ നല്‍കുന്നത്. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്സിന്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനു ശേഷവും, 26 വയസുവരെയുള്ള സ്ത്രീകള്‍ക്ക് ഈ വാക്സിന്‍ നല്‍കാന്‍ സാധിക്കും,പ്രായം കൂടും തോറും വാക്‌സിന്റെ ഫലപ്രാപ്തി കുറയുമെന്നതിനാല്‍ തന്നെ നേരത്തെയുള്ള വാക്‌സിനേഷന്‍ പ്രധാനമാണ്.
 
 
കാന്‍സര്‍ മുക്ത കേരളം എന്ന ദൗത്യത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  സ്‌കൂള്‍ തലത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍ നടപ്പിലാക്കുന്നത്. ടിക്നിക്കല്‍ കമ്മിറ്റി യോഗത്തില്‍ ഫൈനല്‍ മാര്‍ഗ്ഗരേഖകളെ അടിസ്ഥാനമാക്കി പദ്ധതിയുടെ തുടക്കം നടക്കും.വാക്സിന്‍ സംബന്ധിച്ച തെറ്റായ ധാരണകളും ആശങ്കകളും മാറ്റിനിര്‍ത്താനായി അവബോധ ക്യാമ്പയിനുകളും സംസ്ഥാനത്ത് നടത്തും. വിദ്യാര്‍ത്ഥിനികളോടൊപ്പം രക്ഷിതാക്കള്‍ക്കും പ്രത്യേക ക്ലാസുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഇത് സാമൂഹികമായി വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.WHO ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ എച്ച്പിവി വാക്സിനെ ഗര്‍ഭാശയഗള കാന്‍സര്‍ നിയന്ത്രണത്തിനായുള്ള ഏറ്റവും ശക്തമായ പ്രതിരോധ ആയുധമായി കണക്കാക്കുന്നു. നിരവധി രാജ്യങ്ങള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ഈ വാക്സിന്‍ നല്‍കുന്നത് പതിവാണ്. കേരളവും ഈ ആഗോള സമീപനം പിന്തുടരുന്നതിന്റെ സൂചനയാണ് ഈ പുതിയ പദ്ധതി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍