മൂന്ന് നേരം ഭക്ഷണം കഴിക്കേണ്ട ആവശ്യമുണ്ടോ?

ബുധന്‍, 15 ഫെബ്രുവരി 2023 (11:20 IST)
മലയാളികള്‍ പൊതുവെ ഭക്ഷണം കഴിക്കുന്നത് മൂന്ന് നേരമാണ്. അമിതവണ്ണവും കുടവയറും പ്രതിരോധിക്കാന്‍ പലരും ഒരു നേരത്തെ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ? മൂന്ന് നേരവും ഭക്ഷണം കഴിക്കേണ്ട ആവശ്യമുണ്ടോ? 
 
പ്രഭാത ഭക്ഷണം (പ്രാതല്‍) ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊര്‍ജ്ജം നല്‍കുന്നതാണ്. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
പ്രഭാതഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണവും. ജോലി, പഠനം എന്നിവ ചെയ്യുന്നവര്‍ ഉച്ചഭക്ഷണം ഒഴിവാക്കരുത്. ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 
ഒരു ദിവസം നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നത് അത്താഴമാണ്. രാത്രി വളരെ ലളിതമായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതും കിടക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചോറ് രാത്രി കഴിക്കുന്നത് നല്ലതല്ല. പകരം വെജിറ്റബിള്‍, ഫ്രൂട്ട്‌സ് സലാഡുകള്‍ തയ്യാറാക്കി കഴിക്കുന്നതാണ് ഏറ്റവും ഉചിതം. കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി നിര്‍ബന്ധമായും ഒഴിവാക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍