രാത്രിയാണോ രാവിലെയാണോ പ്രധാനമായി പല്ല് തേക്കേണ്ടത്?

ശനി, 23 ജൂലൈ 2022 (10:23 IST)
അശ്രദ്ധയും മടിയും കാരണം നമ്മളില്‍ പലരും പല്ലുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ മറന്നുപോകുന്നവരാണ്. ദിവസവും രണ്ട് നേരം നന്നായി പല്ല് തേക്കണമെന്നാണ് ദന്തവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രാവിലെ മാത്രം പല്ല് തേക്കുന്നതാണ് ഭൂരിഭാഗം ആളുകളുടേയും പൊതുവെയുളള ശീലം. രാവിലെയാണോ രാത്രിയാണോ പ്രധാനമായും പല്ല് തേക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം രാത്രി എന്നാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് ഏറ്റവും ശ്രദ്ധയോടെ പല്ലുകളും വായയും വൃത്തിയാക്കേണ്ടത്. 
 
രാവിലെ പല്ല് തേക്കുന്നത് വായ്‌നാറ്റം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ രാത്രി പല്ല് തേക്കുന്നതിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ട്. പല്ലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ രാത്രി നിര്‍ബന്ധമായും പല്ല് തേക്കണം. രാത്രി പല്ലും വായയും വൃത്തിയാക്കാത്തവര്‍ക്ക് ദന്തരോഗങ്ങള്‍ എളുപ്പം വരുമെന്നാണ് പഠനം. 
 
രാത്രി ഉറങ്ങുമ്പോള്‍ ഉമിനീര്‍ ഉത്പാദനം താരതമ്യേന കുറവാണ്. ഉമിനീര്‍ ഉത്പാദനം കുറയുമ്പോള്‍ അത് ആസിഡ് ലെവല്‍ ഉയരാന്‍ കാരണമാകും. അപ്പോഴാണ് പല്ലുകളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായയിലും ഉണ്ടാകുമ്പോള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം അധികരിക്കും. അത് പല്ലുകളെ സാരമായി ബാധിക്കും. ഇത് ഒഴിവാക്കാനാണ് രാത്രി നിര്‍ബന്ധമായും പല്ല് തേക്കണമെന്ന് പറയുന്നത്. രാത്രി പല്ല് തേക്കാതെ കിടക്കുമ്പോള്‍ പല്ലില്‍ മഞ്ഞ നിറത്തിലുള്ള കറ പിടിക്കാന്‍ സാധ്യത കൂടുതലാണ്. രാത്രി പല്ല് തേക്കുമ്പോള്‍ അത് വായ്‌നാറ്റം കുറയാനും സഹായിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍