പാമ്പുകടിയും 5 അന്ധവിശ്വാസങ്ങളും; നൂറ് ശതമാനം അംബന്ധം!

ചിപ്പി പീലിപ്പോസ്
വെള്ളി, 22 നവം‌ബര്‍ 2019 (15:03 IST)
പാമ്പ് കടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അധികമാർക്കും വല്യ ധാരണയില്ല. ഈ ധാരണയില്ലായ്മ പലപ്പോഴും ദുരന്തമാണ് വിതയ്ക്കാറ്. അതോടൊപ്പം, പാമ്പ് കടിയുമായി ബന്ധപ്പെട്ട് കുറെ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. പഴമക്കാർ പറഞ്ഞ് പഴകിയ ഇപ്പോഴും പലരും നടപ്പിലാക്കാൻ ശ്രമിച്ചിട്ട് തോറ്റ് പോകുന്ന പല അന്ധവിശ്വാസങ്ങളും. 
 
പാമ്പുകടിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍:
 
• പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.
 
• മുറിവിനു മീതെ മുറുകെ കെട്ടിയാല്‍ രക്തം ശരീരത്തില്‍ കലരില്ല – കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍, ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു ആ ഭാഗം ഉപയോഗശൂന്യമാകാന്‍ പോലും സാധ്യത. തുണികൊണ്ട് കെട്ടാം, പക്ഷേ അത് രക്തയോട്ടം നിൽക്കുന്ന രീതിയിൽ ആകരുത്.
 
• കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും – കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം. അപകടകരമായ പ്രവര്‍ത്തി.  
 
• പാമ്പിനെ നോവിച്ചു വിട്ടാല്‍ പാമ്പ് തിരിച്ചു വന്നു കടിക്കും – പാമ്പിനു ഇത്തരം ഒരു പ്രത്യേകതയുമില്ല.ഓര്‍മ്മശക്തിയോ ദിവ്യശക്തിയോ ഇല്ല. അതിന്റെ ജീവനെ അപായപ്പെടുത്തും/ ഇരയാണ് എന്ന് തെറ്റിദ്ധാരണ തോന്നുക എന്നീ അവസരങ്ങളില്‍ അല്ലാതെ പാമ്പ് കടിക്കുക പോലുമില്ല. മനുഷ്യൻ അടക്കമുള്ള ശത്രുക്കളെ അതിന്റെ നിലനിൽപ്പിന് വേണ്ടി മാത്രമാണ് അത് കടിക്കുക. 
 
• നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടക്കണം – വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി. നീര്‍ക്കോലി കടിക്കുന്നതിന് ഭക്ഷണം ഒഴിവാക്കുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article