സിഗരറ്റ് വലിച്ചോളൂ, പക്ഷെ മൊബൈല്‍ ഉപയോഗിക്കരുത്!

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2008 (18:15 IST)
PTIPTI
പുകവലി അപകടകരമാണെന്ന് സിഗരറ്റ് പാക്കറ്റിന്‍റെ പുറത്തുവരെ എഴുതിവച്ചിട്ടുണ്ട്. മരണത്തിലേക്കുള്ള വഴി തെളിയിക്കുമെന്നാണ് പുകവലിക്കാര്‍ക്കുള്ള മുന്നറിയിപ്പ്. എന്നാല്‍ പുകവലിയേക്കാള്‍ വലിയ ഭീഷണിയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗമെന്നാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ വംശജനായ ഗവേഷകനെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമാ‍യ ‘ദി ഇന്‍ഡിപെന്‍ഡന്‍റ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“അടിയന്തരഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ കാന്‍സറിലേക്ക് വരെ നയിക്കാവുന്ന ബ്രെയിന്‍ ട്യൂമറകള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഈ അപകടം ആസ്ബറ്റോസും (ഫൈബര്‍ ഉള്ളില്‍ ചെല്ലുന്നത് ശ്വാസകോശാര്‍ബുദത്തിന് കാരണമാകും) പുകവലിയും സൃഷ്ടിക്കുന്നതിനേക്കാള്‍ ഭീകരമാണ് ഈ അപകടം.” പഠനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജനായ ഡോ.വിനി ഖുരാന പറയുന്നു.

പുകവലി ഓരോവര്‍ഷവും ലോകത്താകമാനം 50 ലക്ഷം പേരെ കൊല്ലുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇതില്‍ കൂടുതലാളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ മരിക്കുന്നുവെന്നാണ് ഡോ.ഖുരാന പറയുന്നത്. സെല്‍ഫോണ്‍ വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ച് നടന്നിട്ടുള്ള നൂറിലേറെ പഠനങ്ങളെ വിലയിരുത്തിയ ശേഷമാണ് ഖുരാന ഈ അഭിപ്രായം മുന്നോട്ടുവച്ചത്.

വളരെ അപകടകരവും പരിശോധനയ്ക്ക് വിധേയമാക്കാത്തതുമായ ഒരു സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. അടുത്ത ദശാബ്ദത്തില്‍ ഇത് എന്തായാലും തെളിയിക്കപ്പടും. - ഒരു പ്രമുഖ കാന്‍സര്‍ വിദഗ്ദ്ധന്‍ കൂടിയായ ഖുരാന കൂട്ടിച്ചേര്‍ക്കുന്നു. കഴിയുമെങ്കില്‍ മൊബൈല്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ വഴിയുണ്ടാകുന്ന റേഡിയേഷന്‍ തടയുന്നതിന് മൊബൈല്‍ കമ്പനികളും സര്‍ക്കാരും ഉടന്‍‌തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഇല്ലെങ്കില്‍ മാരകമായ ബ്രെയിന്‍ ട്യൂമറും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും മൂലമുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് അടുത്ത ദശാബ്ദത്തില്‍ വന്‍‌തോതില്‍ ഉയരുമെന്നും ഡോ.ഖുരാന മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഖുരാനയുടെ ആരോപണങ്ങള്‍ മൊബൈല്‍ ഓപറേറ്റര്‍മാരുടെ അസോസിയേഷന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.