പല്ല് തേച്ച്‌ ഒരു മണിക്കൂറിനകം ആഹാരം കഴിക്കുന്നവര്‍ സൂക്ഷിക്കുക !

ശനി, 23 സെപ്‌റ്റംബര്‍ 2017 (14:51 IST)
പല്ലിന്റെ ആരോഗ്യത്തിനായി നമ്മള്‍ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നാം ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ദന്തസംരക്ഷണത്തില്‍ അറിഞ്ഞോ അറിയാതെയോ വരുത്തുന്ന ചില പിഴവുകളാണ് പലപ്പോഴും പല്ലിന്റെ ആരോഗ്യം കെടുത്തുന്നത്.
 
നാക്കിലും മോണകളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് വായ്‌നാറ്റത്തിനുള്ള പ്രധാനകാരണം‌. അതുപോലെ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മറ്റൊന്നാണ് പഞ്ചസാര. ഇവ ശരീരത്തിലുള്ള ആസിഡുമായി കലര്‍ന്ന്‌ പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കുമെന്നും അതുമൂലം പല്ലുകള്‍ക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
 
പല്ലുതേച്ച്‌ ഒരു മണിക്കൂറിനകം ആഹാരം കഴിക്കുന്നതും പല്ലിന് വളരെയേറെ ദോഷമാണ്. എന്തെന്നാല്‍ അത്തരത്തില്‍ ഭക്ഷണം കഴിച്ചാല്‍ പല്ലുകള്‍ ആസിഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും പല്ലുകളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കുകയും ചെയ്യും. പല്ലിന്‌ ഇടയില്‍ കുടുങ്ങിയിരിക്കുന്ന വളരെ ചെറിയ ആഹാരാവശിഷ്ടം നീക്കം ചെയ്യാന്‍ ഫ്‌ളോസ്‌ ഉപയോഗിക്കുന്നതാണ് ഏറെ നല്ലതെന്നകാര്യവും ശ്രദ്ധിക്കണം. 
 
ആഹാരം കഴിച്ച്‌ 45 മിനിറ്റിന്‌ ശേഷം മാത്രമേ മൗത്ത്‌ വാഷ്‌ ഉപയോഗിക്കാവൂ. ഇനി എല്ലാം കഴിഞ്ഞശേഷം രാത്രിയില്‍ പല്ലു തേയ്ക്കാതെ കിടക്കുന്ന ശീലം ഉണ്ടെങ്കില്‍ അതിപ്പോള്‍ തന്നെ മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഈ വൃത്തിക്കെട്ട പ്രവണത മൂലം വായില്‍ ബാക്ടീരികള്‍ വളരാന്‍ ഇട വരും. ഇത് പല്ലു കേടാക്കുക മാത്രമല്ല, വായനാറ്റത്തിനും കാരണമായേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍