തുടുത്ത കവിളിലൊരു മുഖക്കുരു. അതൊരു ഭംഗിയാണ്. എന്നാല്‍ മുഖം നിറയെ കറുത്ത പാടുകളും വടുക്കളുമായാലോ? കൗമാരത്തിന്‍റെ ഉറക്കം നഷ്ടപ്പെടാന്‍ മറ്റൊന്നും വേണ്ട.
ചര്‍മ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്നതാണ് മുഖക്കുരുവിന് കാരണം. കൗമാരക്കാരില്‍ ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുന്നതും മുഖക്കുരുവിന് കാരണമാകാം. കോഴിമുട്ടയുടെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാക്കാനിടയുണ്ട്.
മുഖം നന്നായി കഴുകുകയും വൃത്തിയായി സൂക്ഷിക്കുകയുമാണ് ഏറ്റവും നല്ല പ്രതിവിധി. രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് ആവി കൊള്ളിച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
മനസ്സിലെ സംഘര്‍ഷങ്ങളും മുഖക്കുരുവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. യോഗ പരിശീലിക്കുന്നത് ചര്‍മ്മ സൗന്ദര്യത്തിന് മാറ്റ് കൂട്ടും.
ഭക്ഷണത്തിലെ വ്യതിയാനങ്ങളും ദഹനക്കുറവും മുഖക്കുരുവിന് കാരണമാകാം. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റമിന്‍ - എ കൂടുതലടങ്ങിയ കാരറ്റും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചായ, കാപ്പി, മസാല, എണ്ണ, അണ്ടിപ്പരിപ്പ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. വെള്ളം ധാരാളമായി കുടിക്കുക.
എണ്ണമയമുള്ള ക്രീമുകള്‍, മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവ ഒഴിവാക്കുക. കുളിക്കും മുമ്പ് തലയില്‍ തേച്ച എണ്ണ കഴുകി കളയാത്തതും കുളിച്ചതിന് ശേഷം തലയില്‍ എണ്ണ തേക്കുന്നതും മുഖക്കുരുവുണ്ടാക്കും.
ആര്‍ത്തവം പിന്നിടുന്നവരില്‍ ഹോര്‍മോണുകളുടെ താളം തെറ്റുന്നതും മാനസിക സംഘര്‍ഷവും മുഖക്കുരുവിന് കാരണമായേക്കാം.
പാല്‍, പാല്‍പ്പാട, തേങ്ങാപ്പാല്‍, കരിക്കിന്‍വെള്ളം എന്നിവ പുരട്ടി മസാജ് ചെയ്യുന്നത് നന്നാണ്. പഴം, പച്ചക്കറി, ഫെയ്സ് പാക്കുകള്‍ ഏതു ചര്‍മ്മത്തിനും നല്ലതാണ്.
കണ്ണിന് താഴെ രക്തയോട്ടവും എണ്ണമയവും കുറയുമ്പോഴാണ് കറുപ്പു നിറവം ചുളിവുകളും പടരുന്നത്. കണ്ണിന് താഴെ 2-3 മിനിട്ട് എണ്ണ ഉപയോഗിച്ച് മോതിര വിരല്‍ കൊണ്ട് മസ്സാജ് ചെയ്യുന്നതും നന്നാണ്.