പനി വന്നാല്‍ കഞ്ഞി മാത്രമാണോ കുടിക്കേണ്ടത്? ഡോക്ടറുടെ കുറിപ്പ് വായിക്കാം

Webdunia
ശനി, 8 ജൂലൈ 2023 (17:03 IST)
പനി വന്നാല്‍ കഞ്ഞി മാത്രമേ കുടിക്കാവൂ എന്നാണ് മലയാളികള്‍ പൊതുവെ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അതിന് യാതൊരു ശാസ്ത്രീയമായ അടിത്തറയില്ല. പനി വരുമ്പോഴാണ് ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതെന്ന് അസിസ്റ്റന്റ് സര്‍ജന്‍ മനു മാത്യു പറയുന്നു. പനി ഉള്ള സമയത്ത് ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ പലതരം ഭക്ഷണങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഡോക്ടറുടെ വാക്കുകള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മനു മാത്യു ഇക്കാര്യം എഴുതിയിരിക്കുന്നത്. 
 
ഡോ.മനു മാത്യുവിന്റെ കുറിപ്പ് വായിക്കാം
 
കുറച്ചു കഞ്ഞി എടുക്കട്ടേ....
 
പനിയുടെ ബുദ്ധിമുട്ടുകള്‍ക്കപ്പുറം  പനിക്കാര്‍ക്കു നേരിടേണ്ടി വരുന്ന വല്യ ദുരവസ്ഥ ഈ ചോദ്യം ആയിരിക്കും. വീട്ടിലെ ബാക്കി എല്ലാവര്‍ക്കും മീനും   ഇറച്ചിയും കൂട്ടിയുള്ള ഭക്ഷണം.. പനിയുളളവര്‍ക്ക് ചുട്ട  പപ്പടവും അച്ചാറും.
 
ഒരു കാര്യം പറയട്ടെ പനി വരുമ്പോളാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ പോഷകം അടങ്ങിയ ഭക്ഷണം  കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും. മല്‍സ്യം ഇഷ്ടമുള്ളവര്‍ക്ക് മല്‍സ്യവും മാംസം ഇഷ്ടമുള്ളവര്‍ക്ക് മാംസവും കഴിക്കാം.(എളുപ്പത്തില്‍ ദഹിക്കുന്ന സൂപ്പ് രൂപത്തില്‍ ആയാല്‍ അത്യുത്തമം.) എണ്ണയില്‍ വറുത്തതു കഴിയുന്നത്ര ഒഴിവാക്കുക.
 
ഈ പറഞ്ഞതിനര്‍ത്ഥം കഞ്ഞി മോശമാണെന്നല്ല ദഹിയ്ക്കാന്‍ എളുപ്പമുള്ള ഭക്ഷണം എന്ന നിലയില്‍ നല്ലതാണ്. പക്ഷെ അത് മാത്രം പോര. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കിട്ടാന്‍   പലതരം ഭക്ഷണങ്ങളും കഴിയ്ക്കണം.
 
മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് പനി വരുമ്പോള്‍ അവര്‍ക്ക്  നേരെത്തെ നിയന്ത്രിത അളവില്‍ കഴിക്കാന്‍ പറയുന്ന സാധനങ്ങള്‍ മാത്രം നിയന്ത്രിക്കുക. എപ്പോഴും തിളപ്പിച്ചാറിയ വെള്ളവും നന്നായി പാകം ചെയ്ത പഴകിയതല്ലാത്ത ഭക്ഷണവും ആണ് കഴിക്കേണ്ടത്. പച്ചക്കറികളും, പഴവര്‍ഗങ്ങളും പാലും മുട്ടയുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്.
 
പനിയോടൊപ്പം വയറിളക്കവും ഛര്‍ദ്ദിയും ഉള്ളവര്‍ അതു മാറുന്നത് വരെ കഴിയുന്നതും അരിയാഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കുക..ഭക്ഷണത്തിന്റെ അളവ് കുറച്ചാല്‍ വയറിളക്കം കുറയും എന്നത് മിഥ്യാധാരണ ആണ്. ഇടവേളകളില്‍ ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളമോ ഉപ്പും മധുരവും ചേര്‍ന്ന നാരങ്ങാവെള്ളമോ ഉത്തമം.
 
പനിയുള്ളപ്പോള്‍ വിശപ്പ് കുറവാണെങ്കിലും ഭക്ഷണം കഴിക്കാന്‍ മടി കാണിക്കരുത്. അങ്ങനെ നമുക്കു പനിയെ പ്രതിരോധിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article