വല്ലപ്പോഴും മദ്യപിക്കുന്ന ശീലമുണ്ടോ? അതും നല്ലതല്ല

ശനി, 8 ജൂലൈ 2023 (16:21 IST)
എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിനു ഹാനികരമാണ് മദ്യപാനം. അത് ചെറിയ തോതില്‍ ആണെങ്കിലും വലിയ തോതില്‍ ആണെങ്കിലും. ആഴ്ചയില്‍ ഒരിക്കലേ ഞാന്‍ മദ്യപിക്കൂ എന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ കാണും. ആഴ്ചയില്‍ ഒരിക്കല്‍ ആണെങ്കിലും മാസത്തില്‍ ഒരിക്കല്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ വിപരീത ഫലമാണ് ചെയ്യുക. 
 
നിങ്ങള്‍ കുടിക്കുന്ന മദ്യം ഒരിക്കലും ദഹിക്കുന്നില്ല. മറിച്ച് അത് രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുകയാണ് ചെയ്യുന്നത്. അതിപ്പോള്‍ ഒരു പെഗ് ആണെങ്കിലും നാല് പെഗ് ആണെങ്കിലും സംഭവിക്കുന്നത് ഒരേ കാര്യമാണ്. ആദ്യം തലച്ചോറിലേക്കാണ് മദ്യം എത്തുക. പിന്നീട് കിഡ്‌നി, കരള്‍ തുടങ്ങിയവയിലേക്കും എത്തുന്നു. 
 
ഒരു യൂണിറ്റ് മദ്യം വിഘടിപ്പിക്കാന്‍ കരളിന് ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ സമയം വേണം. അതായത് മദ്യപിക്കുമ്പോള്‍ കരളിന്റെ ജോലിഭാരം കൂടുന്നു. വല്ലപ്പോഴും മദ്യപിക്കുന്നവര്‍ ആണെങ്കിലും കരളിന് ഇരട്ടി പണി നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ജോലിഭാരം കൂടുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. 
 
ചെറിയ തോതില്‍ ആണ് നിങ്ങള്‍ മദ്യപിക്കുന്നതെങ്കില്‍ പോരും മദ്യം അകത്തെത്തുമ്പോള്‍ അത് രക്ത ധമനികളെ സ്വാധീനിക്കും. മദ്യപിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദത്തില്‍ പ്രകടമായ വ്യതിയാനം സംഭവിക്കുന്നു. മദ്യപിക്കുമ്പോള്‍ ശരീര താപനിലയില്‍ വ്യത്യാസം വരുന്നു. മദ്യപിക്കുന്നവരില്‍ നിര്‍ജലീകരണത്തിനു സാധ്യത വളരെ കൂടുതലാണ്. മദ്യപാനം കരളിന്റെ മാത്രമല്ല വൃക്കയുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍