പാര്‍ക്കിന്‍സണ്‍ രോഗം അഥവാ വിറവാതം; വിറയല്‍ കണ്ടു തുടങ്ങിയാല്‍ സംശയിക്കണം

Webdunia
ശനി, 3 സെപ്‌റ്റംബര്‍ 2016 (16:39 IST)
എല്ലായ്‌പ്പോഴും നമ്മള്‍ ഒരു രോഗാവസ്ഥയെ തിരിച്ചറിയുന്നത് ലക്ഷണങ്ങളിലൂടെയാണ്. എന്നാല്‍, ആ‍രംഭത്തില്‍ തന്നെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി രോഗങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് പാര്‍ക്കിന്‍സണ്‍ രോഗം അഥവാ വിറവാതം. മധ്യമസ്തിഷ്കത്തിലെ പ്രത്യേകഭാഗത്തെ നാഡീകോശങ്ങളുടെ അപചയത്തെ തുടര്‍ന്നാണ് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്. 
 
ചെമ്പിന്റെ അളവ് കൂടുന്നതിനെ തുടര്‍ന്ന് 45 വയസ്സിനു മുമ്പു തന്നെ ചിലപ്പോള്‍ പാര്‍ക്കിന്‍സണ്‍ രോഗം കാണാം. ചില മരുന്നുകളുടെ അമിതോപയോഗവും ഇതിന് കാരണമാകും. ബുദ്ധിപരമായ തകരാറുകളും പക്ഷാഘാതവും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒപ്പം കാണാം. പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.
 
വിറയല്‍ ആണ് ഈ അസുഖത്തിന്റെ പ്രധാനലക്ഷണം. കൂടാതെ, പേശികളുടെ ചലനക്കുറവ്, മന്ദഗതിയിലുള്ള പ്രവൃത്തികള്‍, കൂടുതലാകുന്ന വീഴ്ചകള്‍, നേര്‍ത്തുപോകുന്ന സംസാരം, ഉമിനീരൊലിപ്പ്, മറവി, വിഷാദം, മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 
 
പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.  മരുന്നു മാത്രമല്ല അതിനൊപ്പം തൈലം, ഘൃതം ഇവ ഉപയോഗിച്ചുള്ള സ്നേഹനം, സ്വേദനം ഇവ വേദന, വിറയല്‍ ഇവയ്ക്ക് ഗുണം ചെയ്യും. കൂടാതെ, പ്രത്യേക വ്യായാമ മുറകളും ഭക്ഷണശീലവും ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമാണ്.
Next Article