ഗുരുതരമായ അലര്‍ജി പ്രശ്‌നമാണ് അനഫിലാക്‌സിസ്. ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുവുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്. ചില വാക്‌സിനുകള്‍ സ്വീകരിക്കുന്നത് മൂലം വളരെ വിരളമായി ആളുകള്‍ ഇതു കണ്ടുവരുന്നുണ്ട്. കുത്തിവയ്പ് എടുത്ത് സെക്കന്‍ഡുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ അനഫിലാക്‌സിസ് ബാധിച്ചേക്കാം. അനഫിലാക്‌സിസ് രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. അനഫിലാക്‌സിസ് സംഭവിച്ചാല്‍ രക്തസമ്മര്‍ദം വലിയ രീതിയില്‍ കുറയുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്യും.
പള്‍സ് അതിവേഗം കുറയുക, ചര്‍മ്മത്തില്‍ അസ്വസ്ഥത തോന്നുക, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ഇതിന്റെ ലക്ഷണം. കുത്തിവയ്പ്, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പ്രാണികളുടെ വിഷം എന്നി അനഫിലാക്‌സിസ് അവസ്ഥയ്ക്ക് കാരണമാകുന്നു.
കുത്തിവയ്പ് എടുത്തതിനുശേഷം ത്വക്കില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നുക, രക്ത സമ്മര്‍ദം കുറയുക, ശ്വാസതടസം അനുഭവപ്പെടുക, ഛര്‍ദി, തലകറക്കം ഇവയെല്ലാം ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം.