കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാളുടെ മരണം; വിശദവിവരങ്ങള്‍ ഇങ്ങനെ

ചൊവ്വ, 15 ജൂണ്‍ 2021 (15:55 IST)
കോവിഡ്-19 നെതിരായ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒരു മരണം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങളാണ് അറുപത്തിയെട്ടുകാരന്റെ മരണത്തിനു കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരണം. ഇയാള്‍ മാര്‍ച്ച് എട്ടിനാണ് വാക്‌സിന്‍ സ്വീകരിച്ചത്. 
 
കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കാന്‍ അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോയിങ് ഇമ്യൂണൈസേഷന്‍ (എഇഎഫ്‌ഐ) എന്ന സമിതിക്ക് കേന്ദ്രം നേരത്തെ രൂപം നല്‍കിയിരിക്കുന്നു. ഈ സമിതിയാണ് ഇന്ത്യയിലെ ആദ്യ കോവിഡ് വാക്‌സിന്‍ മരണം സ്ഥിരീകരിച്ചത്. 
 
വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് സമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് ഇതില്‍ ഒരാളുടെ മരണം അനഫിലാക്‌സിസ് (Anaphylaxix) കാരണമാണെന്ന് സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടനപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഗുരുതര പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് അനഫിലാക്സിസ്. ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുവുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്. 
 
വാക്‌സിന്‍ സ്വീകരിച്ച് അധികം കഴിയാതെ ഇയാള്‍ മരിച്ചു. ഇത് കൂടാതെ മൂന്ന് മരണം കൂടി വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ കാരണമാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍, കേന്ദ്രസമിതി കോവിഡ് വാക്‌സിന്‍ മരണമായി ഈ ഒരെണ്ണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍