ഒരസുഖമില്ലെങ്കിലും വിറ്റാമിന്‍ എയുടെ ഗുളികകള്‍ കഴിക്കുന്നവര്‍ ധാരാളമുണ്ട്. വിറ്റാമിന്‍ എ ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നേത്രാരോഗ്യത്തിനും അത്യാവശ്യമാണ്. ഇവ നമ്മള്‍ കഴിക്കുന്ന പോഷകാഹാരങ്ങളില്‍ നിന്ന് സ്വാഭാവികമായി നമുക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനു പകരം കൂടുതല്‍ ആരോഗ്യത്തിനായി വിറ്റാമിന്‍ എ ഗുളികകള്‍ കഴിച്ചാല്‍ അത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് പഠനങ്ങളില്‍ വെളിപ്പെട്ടത്.
ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ് തുടങ്ങിയ ഗുളികകളാണ് സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കാണ് നല്‍കുക. ഇത് അമിതമായി ഉപയോഗിച്ചാല്‍ അത് കാന്‍സറിന് കാരണമാകും. ബീറ്റകരോട്ടിനാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകും.
എന്നാല്‍ ഗുളികകള്‍ കഴിക്കുന്നതു മൂലം കാന്‍സര്‍ ഉണ്ടാകുമോ എന്നതില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. മേല്‍പ്പറഞ്ഞ മരുന്നുകള്‍ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ അവയുടെ ശരീരത്തിലുണ്ടായ വ്യതിയാനം നിരീക്ഷിച്ചാണ് കാന്‍സര്‍ സാധ്യത പ്രവചിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കനേഡിയന്‍ സംയുക്ത സംരംഭമായ കാന്‍സര്‍ പ്രിവന്‍ഷന്‍ സെന്ററാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്.