സംസ്ഥാനത്ത് മഞ്ഞപ്പിത്തം കേസുകള്‍ ഉയരുകയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ഉറവിടം. ചെറിയൊരു പനിയില്‍ നിന്ന് തുടങ്ങി പിന്നീട് കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങളിലേക്ക് മഞ്ഞപ്പിത്തം പടരുന്നു. കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പകരുമെന്ന് മനസിലാക്കുക. ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലം, മൂത്രം, ഉമിനീര്‍, രക്തം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി, പനി എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം ബാധിക്കുന്നതും മറ്റൊരു പ്രധാന ലക്ഷണം. രോഗം ബാധിച്ചവര്‍ ഒരാഴ്ച പൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കണം.