മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് എതിരാളികളില്ലാതെ മികച്ച സിനിമകൾ മാത്രം സമ്മാനിച്ച നിവിൻ ഇന്ന് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലാണ് നിൽക്കുന്നത്. മോശം സിനിമകളും തുടർപരാജയങ്ങളും നിവിൻ പോളി എന്ന നടനെ പിന്നോട്ടവലിച്ചു. തന്റെ തടിയുടെ പേരിലും വലിയ വിമർശനങ്ങളാണ് നിവിൻ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ആ പഴയ നിവിൻ തിരിച്ചെത്താൻ ഒരുങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ പോളി ഫെബ്രുവരി 14 ന് ഖത്തറിൽ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളി ആണ് വീഡിയോയിലുള്ളത്. നിവിൻ പഴയ ഫോമിലെത്തിയതിന്റെ സൂചനയാണ് ഈ വീഡിയോ. പഴയ പ്രേമംത്റിലെ ജോർജിന്റെ ലുക്കിലേക്ക് നിവിൻ തിരിച്ചെത്തിയിരിക്കുകയാണ്.
ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.