വല്ലാതെ തടികൂടുന്നു, ദേഹം മൊത്തം ക്ഷീണവും വരുന്നു; കാരണമെന്ത്?

നിഹാരിക കെ.എസ്
വെള്ളി, 3 ജനുവരി 2025 (12:08 IST)
40 വയസ് ആയാൽ പിന്നെ ആരോഗ്യത്തിന് വല്ലാത്ത ക്ഷീണം ആയിരിക്കും. അസ്ഥികൾക്കൊക്കെ വേദന തുടങ്ങും. വല്ലാത്ത നടുവേദന, എപ്പോഴും ക്ഷീണം, വണ്ണം വെയ്ക്കുന്നു തുടങ്ങി അസ്വസ്ഥതകളുടെ പെരുമഴ തന്നെയായിരിക്കും ഈ പ്രായത്തിൽ. യൗവ്വനം അവസാനിച്ചെങ്കിലും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താവുന്നതേയുള്ളൂ. കൃത്യമായ വ്യായാമങ്ങള്‍, ചിട്ടയുള്ള ഭക്ഷണക്രമം, പോഷകസമൃദ്ധമായ ആഹാരം ഒക്കെ ശ്രദ്ധിച്ചാൽ 40 ലും 30 ന്റെ ചുറുചുറുക്കോടെ നടക്കാം. 
 
നാല്‍പത് വയസ്സ് കഴിയുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം വരുന്നത് സ്വാഭാവികമാണ്. ശരീരം ദുര്‍ബലമാവുകയും ചെയ്യും. ഈ സമയത്ത് നടത്തം, ജോഗിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കണം. ശരീരത്തിന് നല്ല വ്യായാമം ലഭിക്കുമ്പോള്‍ രക്തത്തിലുള്ള കാല്‍സ്യം ശരീരകോശങ്ങളിലേക്ക് എളുപ്പം എത്തുന്നു. കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ ഉപദേശത്തിനനുസരിച്ച് കഴിക്കുക. കാല്‍സ്യം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും നന്നായി കഴിക്കണം. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ പാടനീക്കിയ പാല്‍ കഴിച്ചാല്‍ മതി. വ്യത്യസ്തമായ പഴവര്‍ഗങ്ങളും ഇലക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക. ഇവയിലടങ്ങിയ പോഷകങ്ങള്‍ ആരോഗ്യം നിലനിര്‍ത്തും. കാല്‍സ്യം അടങ്ങിയ ചെറുമീനുകള്‍ കഴിക്കുക. പ്രത്യേകിച്ച് മുള്ള് ഉള്ളവ.
 
അസ്ഥികള്‍ക്ക് വരുന്ന ബലക്ഷയം, ചതവ്, ഒടിവ് എന്നിവയെ മൊത്തമായി 'ഓസ്റ്റിയോപൊറോസിസ്' എന്ന രോഗമായിട്ടാണ് ചികിത്സിക്കുന്നത്. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നു. ഈസ്ട്രജനാണ് എല്ലുകള്‍ക്ക് ദൃഢതയും ആരോഗ്യവും നല്‍കുന്നത്. ഈ സംരക്ഷണം നഷ്ടപ്പെടുന്നതാണ് അസ്ഥികളുടെ ബലക്ഷയത്തിന് പ്രധാന കാരണം. ഇടുപ്പിലെ എല്ലുകള്‍ക്ക് തേയ്മാനം വരുന്നതും ഇതേകാരണം കൊണ്ടുതന്നെ. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് അസ്ഥികളുടെ ബലക്ഷയത്തിനുള്ള ചികിത്സ. കാന്‍സര്‍, ഹൃദയത്തിനോ കരളിനോ വന്ന രോഗബാധ എന്നിവയുള്ളവര്‍ക്ക് ഈ ചികിത്സ ഉചിതമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article