പുകവലിക്ക് വലിയ വിലതന്നെ കൊടുക്കേണ്ടിവരും

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (17:02 IST)
പുകവലിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കും ക്യാന്‍സറും ശ്വാസകോശ രോഗങ്ങളുമുണ്ടാകും എന്ന് പറഞ്ഞാണ് അവരെ അതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നത്. എന്നാല്‍ വലിക്കാത്തവര്‍ക്കും ഈ രോഗങ്ങളൊക്കെ വരാന്‍ സാധ്യതയില്ലെ എന്ന മറുചോദ്യമുന്നയിച്ചാണ് പുകവലിയുടെ ആരാധകര്‍ ഉപദേശികളുടെ വായടപ്പിക്കുന്നത്. പുകവലിക്ക് വലിയ വിലനല്‍കേണ്ടി വരും എന്നത് സത്യംതന്നെയാണ്. സിഗരറ്റ് വാങ്ങാന്‍ കടയിലല്ല പകരം വലിച്ച ശേഷം ചികിത്സിക്കാന്‍ ആശുപത്രിയിലായിരിക്കും എന്നുമാത്രം.
 
നിലവില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്, ഇവ പുകവലി മൂലം മാത്രമെ ഉണ്ടാകു എന്നും കണ്ടെത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ദേയമായ കാര്യം. പുകവലിക്കാരെ 26 രോഗങ്ങള്‍ പിടികൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് ഇന്‍ഫെക്ഷന്‍, വൃക്കരോഗങ്ങള്‍, കുടല്‍സംബന്ധമായ രോഗങ്ങള്‍, പുകയിലമൂലം ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടാകുന്ന രോഗങ്ങള്‍, മറ്റുള്ളവരില്‍ ഇല്ലാത്തതും എന്നാല്‍ പുകവലിക്കാരില്‍ മാത്രം കണ്ടുവരുന്നതുമായ ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞന്മാരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പത്ത് ലക്ഷം പേരെ 10 വര്‍ഷം പിന്തുടര്‍ന്ന് പഠിച്ചാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ തെളിയിച്ചിരിക്കുന്നത്. 12 തരം ക്യാന്‍സറുകള്‍, ഹൃദയത്തെയും ഹൃദയധമനികളെയും ബാധിക്കുന്ന ആറ് കാറ്റഗറിയിലുള്ള രോഗങ്ങള്‍, പ്രമേഹങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന ദീര്‍ഘകാല രോഗങ്ങള്‍, ന്യൂമോണിയ, ഇന്‍ഫ്‌ലൂവന്‍സതുടങ്ങിയ 26 രോഗങ്ങളാണ് പുകവലിക്കാരെ പിടികൂടാന്‍ കാത്തിരിക്കുന്നത്. 
 
പുകവലിമൂലവും പരോക്ഷമായ പുകവലിമൂലവും മരണമടയുന്നവരുടെ എണ്ണം ആഗോളതലത്തില്‍ വര്‍ഷം തോറും 60 ലക്ഷമാണ് എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പുതിയ പുകവലി രോഗങ്ങളെക്കൂടി കണക്കാക്കുമ്പോള്‍ ഈ സംഖ്യ 13 ശതമാനം കൂടി ഇനിയും ഉയരും. ഈ കണക്ക് ലോകവ്യാപകമായി കണക്കാക്കുയാണെങ്കില്‍ പുകവലി മൂലം ലോകവ്യാപകമായി വര്‍ഷം തോറും 7,80,000 പേര്‍ കൂടി അധികമായി മരിക്കുന്നുവെന്ന് കണക്കാക്കേണ്ടിവരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ ഇപ്പോള്‍ പുകവലിക്കുന്നവരുടെ മരണനിരക്ക് പുകവലിക്കാത്തവരേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.