കേരളത്തിലെ സ്ത്രീകളില്‍ തൈറോയ്ഡ്, അണ്ഡാശയ അര്‍ബുദം തോത് ഉയരുന്നു! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം; ഡോ.ഫിലിപ്പ് ജോര്‍ജ് സംസാരിക്കുന്നു

ബുധന്‍, 10 ജനുവരി 2024 (20:31 IST)
Ovarian Cancer

കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ തൈറോയ്ഡ്, അണ്ഡാശയ അര്‍ബുദം (ഒവേറിയന്‍ ക്യാന്‍സര്‍) സാധ്യതകള്‍ വര്‍ധിക്കുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കകളുയര്‍ത്തുന്ന ഒന്നാണ്. സംസ്ഥാനത്ത് ഈ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ ഇത്തരം രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളെപ്പറ്റിയും, ഇതിലൂടെ പൊതുജനാരോഗ്യ സംവിധാനത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ട്. 
 
മുന്‍പ് വളരെ അപൂര്‍വ്വമായി മാത്രമുണ്ടായിരുന്ന രോഗമായിരുന്നു തൈറോയ്ഡ് ക്യാന്‍സര്‍. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ തോത് ആഗോളതലത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ ക്യാന്‍സര്‍ രോഗികളായ സ്ത്രീകളില്‍ പത്തിലൊരാള്‍ക്ക് തൈറോയ്ഡ് ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിദഗ്ധപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കേരളത്തിലെ സ്ത്രീകളുടെ തൈറോയ്ഡ് ക്യാന്‍സര്‍ സാധ്യതാ നിരക്കില്‍ ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് നാലിരട്ടി വര്‍ധനവാണുള്ളതെന്നും പഠനങ്ങളിലൂടെ വ്യക്തമാകുന്നു. 
 
കൂടുതല്‍ നിലവാരമുള്ള രോഗനിര്‍ണയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതും, പൊതുജനങ്ങള്‍ക്ക് രോഗത്തെപ്പറ്റിയുള്ള മെച്ചപ്പെട്ട അവബോധം നിലനില്‍ക്കുന്നതും, മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാകുന്നതും രോഗം സ്ഥിരീകരിക്കപ്പെടുന്നതിന്റെ നിരക്കുകള്‍ ഉയരുവാന്‍ കാരണമാകുന്നുണ്ട്. ഇവ ഓവര്‍ ഡയഗ്‌നോസിസ് എന്ന വിഷയത്തിലേക്കും വിരല്‍ചൂണ്ടുന്നു. യുഎസ്എ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ക്രമാതീതമായി തൈറോയ്ഡ് ക്യാന്‍സര്‍ വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ മാത്രമല്ല രോഗ വ്യാപനത്തിന് കാരണമാകുന്നതെന്ന വസ്തുത നാം മനസ്സിലാക്കണം. നിലവിലെ പാരിസ്ഥിതിക, ജനിതക ഘടകങ്ങളും ജീവിതശൈലിയും രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ട്.  
 
നഗരവത്കരണം, ഭക്ഷണശീലങ്ങളിലുള്ള വ്യതിയാനങ്ങള്‍, വലിയ തോതിലുള്ള പരിസ്ഥിതി മലീനികരണം, ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍, അമിത ഉത്കണ്ഠ എന്നിവ രോഗ സാധ്യതകളുയര്‍ത്തുന്നതിനുള്ള സുപ്രധാന കാരണങ്ങളാണ്. സിടി സ്‌കാന്‍, എക്‌സ്-റേ എന്നിവയിലൂടെയുണ്ടാകുന്ന റേഡിയേഷനും തൈറോയ്ഡ് ക്യാന്‍സറിന് വഴിവെക്കാക്കാമെന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ ഗവേഷണങ്ങള്‍ അത്യാവശ്യമാണ്.  
 
സമാനമായി, കേരളത്തിലെ സ്ത്രീകളില്‍ അണ്ഡാശയ അഥവാ ഒവേറിയന്‍ ക്യാന്‍സര്‍ തോതും കുത്തനെ ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവ്യക്തമായ ലക്ഷണങ്ങള്‍ കാരണവും, കൃത്യമായ രോഗ നിര്‍ണ്ണയ സംവിധാനങ്ങളില്ലാത്തതിനാലും 70 -80 ശതമാനം രോഗികളിലും രോഗത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ഒവേറിയന്‍ ക്യാന്‍സര്‍ കണ്ടെത്തപ്പെടുന്നത്. ഏറെ വൈകിയുള്ള രോഗ നിര്‍ണ്ണയം രോഗം ഭേദമാകുവാനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കും. എത്രയും നേരത്തേ രോഗം കണ്ടെത്തെന്നുവോ ചികിത്സയുടെ വിജയ നിരക്കും അത്രത്തോളം ഉയര്‍ന്നിരിക്കും. 
 
നിരവധി ഘടകങ്ങളാണ് കേരളത്തില്‍ ഒവേറിയന്‍ ക്യാന്‍സര്‍ രോഗികളുടെ വര്‍ധനവിന് കാരണമാകുന്നത്. വൈകിയുള്ള പ്രസവം,  മുലയൂട്ടലിലെ കുറവ്, ഗര്‍ഭധാരണത്തിലെ കുറവ് എന്നിങ്ങനെ നേരത്തേ ഒവേറിയന്‍ ക്യാന്‍സറിനെതിരെ സംരക്ഷണം നല്‍കുമെന്ന് പറയപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം ഇന്നത്തെ പുതിയ സാമൂഹ്യ സാഹചര്യത്തില്‍ കൂടുതല്‍ ശക്തപ്പെടുകയാണ്. ഇവയ്ക്ക് പുറമേ, പാരമ്പര്യമായുള്ള രോഗ സാധ്യതകള്‍, പൊണ്ണത്തടി, വ്യായാമമില്ലായ്മ, ജങ്ക് ഫുഡിന്റെ ഉപയോഗം, പുകവലി, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയവയും  ഒവേറിയന്‍ ക്യാന്‍സറിന് കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
 
കേരളത്തിലെ സ്ത്രീകള്‍ക്കിടയിലുള്ള തൈറോയ്ഡ്, ഒവേറിയന്‍ ക്യാന്‍സര്‍ രോഗ വ്യാപനം കുറയ്ക്കുന്നതിനായി സമഗ്രമായൊരു സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതില്‍ ഏറ്റവും പ്രധാനമായി, രോഗത്തിന്റെ അപകട സാധ്യതകളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ആരോഗ്യകരമായ ജീവിതശൈലി രീതികള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ഒപ്പം ആരംഭ ഘട്ടത്തില്‍ തന്നെ രോഗ നിര്‍ണ്ണയം സാധ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ട്. രോഗനിര്‍ണയവും മെച്ചപ്പെട്ട രോഗീ പരിചരണവും ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഉറപ്പാക്കണം. ആരോഗ്യകരമായ ഭക്ഷണശീലം, ചിട്ടയായ വ്യായാമം, പ്രത്യുല്‍പ്പാദന ആരോഗ്യത്തിന്റെ പ്രാധാന്യം എന്നിവയിലൂന്നിയ രോഗപ്രതിരോധ മുന്‍കരുതലുകള്‍ ഇത്തരം ക്യാന്‍സറുകളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. ഇവയ്ക്കെല്ലാം പുറമേ, രോഗ വ്യാപനത്തിന് കാരണമാകുന്ന ജനിത. പാരിസ്ഥിതിക ഘടകങ്ങളെപ്പറ്റിയുള്ള ഗവേഷണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കുന്നതില്‍ പരമപ്രധാനമാണ്. 

Dr Philip George


ഡോ. ഫിലിപ്പ് ജോര്‍ജ് കുറ്റിക്കാട്ട്
അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹേമറ്റോ ഓങ്കോളജി
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍