മദ്യപിക്കുന്നവര്‍ക്ക് മാത്രമല്ല കരള്‍ രോഗം വരുന്നത് ! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബുധന്‍, 9 ഓഗസ്റ്റ് 2023 (09:56 IST)
കരളിന്റെ ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ മനുഷ്യന്‍ പഠിക്കണം. എന്തെങ്കിലും കരള്‍ രോഗം ഉണ്ടായാല്‍ അത് മദ്യപാനം കൊണ്ട് മാത്രമാണെന്ന് കരുതുന്നവരാണ് നമ്മള്‍. എന്നാല്‍, അത് തെറ്റായ ചിന്താഗതിയാണ്. മദ്യ ഇതര കരള്‍ രോഗത്തെ കുറിച്ചും നാം ബോധവാന്‍മാരാകണം.
 
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്. അമിതമായ അരി ഭക്ഷണം ശരീരത്തിലേക്ക് കടത്തിവിടരുത്. ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം മാത്രമല്ല നിങ്ങളുടെ കരളിനെ അപകടാവസ്ഥയിലാക്കുന്നതെന്ന് മനസ്സിലാക്കുക.
 
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. അമിത വണ്ണമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഇത് ലിവര്‍ സിറോസിസിലേക്ക് വരെ നയിക്കാം. ഭക്ഷണ രീതിയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് പ്രധാന കാരണം. 
 
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വേഗം വന്നേക്കാം. പുകവലിയും ഈ അവസ്ഥയ്ക്ക് കാരണമാകും. 
 
ക്ഷീണവും വയറിന് വലതു ഭാഗത്തായി വേദനയും അസ്വസ്ഥതയുമാണ് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവറിന്റെ ലക്ഷണം. 
 
ഫാറ്റി ലവറിനെ ചെറുക്കണമെങ്കില്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാണ് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളാണ് കരളിനെ നശിപ്പിക്കുന്നത്. ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയും വേണം. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍