അതിരാവിലെ തന്നെ തലവേദന, ഇടയ്ക്കിടെ നെഞ്ചുവേദന; ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിസാരമായി കാണരുത്

ചൊവ്വ, 8 ഓഗസ്റ്റ് 2023 (12:34 IST)
ജീവന് വരെ ഭീഷണിയാകുന്ന അവസ്ഥയാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. രക്ത ധമനികളുടെ ഭിത്തികളില്‍ രക്തം ചെലുത്തുന്ന മര്‍ദമാണ് ഇത്. ആരോഗ്യവാനായ ഒരാളില്‍ 120/80 മി.മീറ്റര്‍ മെര്‍ക്കുറി ആയിരിക്കും രക്ത സമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം 140/90 നു മുകളിലായാല്‍ അതിനെ രക്താതിമര്‍ദ്ദം എന്നറിയപ്പെടും. 
 
മദ്യപാനം, മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി എന്നിവ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്ക തകരാര്‍ പോലെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
 
തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. ഇത്തരക്കാരില്‍ അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടും. നെഞ്ചുവേദനയും രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ താളം അസാധാരണമായ നിലയില്‍ എത്തുന്നതും ശ്രദ്ധിക്കണം. 
 
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേക്കും കൈകളിലേക്കുമുള്ള രക്തപ്രവാഹം തടസപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ നടക്കുമ്പോള്‍ കാലുവേദന, കൈക്കാലുകള്‍ തണുക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കും. കാല്‍പ്പത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളില്‍ മരവിപ്പ്, കാലുകളില്‍ രോമം കൊഴിഞ്ഞു പോകല്‍ എന്നിവയും രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകും. 
 
മൂക്കില്‍ നിന്ന് രക്തസ്രാവം, കാഴ്ച മങ്ങല്‍, തലകറക്കം, ഛര്‍ദി എന്നിവയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ചിലരില്‍ അമിതമായ ഉത്കണ്ഠയും ശരീര ക്ഷീണവും രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഭാഗമായി കാണപ്പെടുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍