സ്വപ്‌ന ജാഗ്രത അഥവാ സ്വപ്‌നമെന്ന് അറിയാവുന്ന സ്വപ്‌നം

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (19:52 IST)
സ്വപ്‌നം കാണാത്താവരായി ആരുമുണ്ടാവില്ല. നമ്മുടെ പരിധിക്കപ്പുറത്തു നിന്നും നമ്മളെ സന്തോഷിപ്പിക്കുകയും പേടിപ്പെടുത്തുകയും, കരയിക്കുകയും, അത്ഭുതപ്പെടുത്തുകയുമെല്ലാം ചെയ്യുന്ന സ്വപ്നത്തെ നമ്മുടെ വരുതിക്കുള്ളില്‍ ആക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാത്തവരും ചുരുക്കം. അങ്ങനെ വരുതിക്കുള്ളില്‍ ഒതുക്കി നമ്മുടെ ഇഷ്ടാനുസരണം സഞ്ചരിച്ച് സ്വപ്‌നം കാണുകയാണെന്ന തികഞ്ഞ ബോധത്തോടെയുള്ള സ്വപ്‌നം കാണലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് സ്വപ്‌ന ജാഗ്രത അഥവാ ലൂസിഡ് ഡ്രീമിംഗ്.

ഒരിക്കലെങ്കിലും സ്വപ്‌ന ജാഗ്രതയിലാകാത്തവര്‍ ലോകത്തുണ്ടാവില്ല. ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന അസാധാരണമായ കഴിവുകള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വപ്‌ന ജാഗ്രതയിലൂടെ സാധിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാന്‍ കഴിയാതെ പോകുന്നതും ഏറെ ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങള്‍ ഇതിലൂടെ സാധിക്കുന്നു. തെളിഞ്ഞ അല്ലെങ്കില്‍ സ്പഷ്ടമായ എന്ന അര്‍ത്ഥം വരുന്ന ലൂസിഡ് എന്ന വാക്ക് തന്നെ സ്വപ്‌ന ജാഗ്രത എന്താണെന്ന് വ്യക്തമായ ഉത്തരം നല്‍കുന്നു. സ്വപ്‌നം കാണുകയാണെങ്കിലും അത് സ്വപ്‌നമാണെന്ന് തിരിച്ചറിയുകയും അത് നിയന്ത്രിക്കാനും സാധിക്കുന്ന അവസ്ഥയാണ് സ്വപ്‌ന ജാഗ്രത. ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സ്വപ്‌നത്തിലെങ്കിലും സാധിക്കുന്നുവെന്നതിനാല്‍ സ്വപ്‌ന ജാഗ്രതയെ ഇഷ്ടപെടുന്നവര്‍ നിരവധിയാണ്.

സ്വപ്‌ന ജാഗ്രത സത്യമാണോ എന്ന് ചോദിച്ചാല്‍ അതെ എന്നു തന്നെയാണ് ശാസ്ത്ര ലോകത്തിന്റെ മറുപടി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ചിലരെങ്കിലും ഇത് മാനസികം മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിലും അത് തെറ്റാണ്. ഇത് ശാരീരികവും കൂടിയാണ്. 1975ല്‍ ബ്രിട്ടനിലാണ് സ്വപ്‌ന ജാഗ്രതയെ കുറിച്ചുള്ള ആശയങ്ങല്‍ ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്.

2009ല്‍ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജര്‍ പഠനം നടത്തുകയും സ്വപ്‌ന ജാഗ്രത യഥാര്‍ത്ഥമാണെന്ന് കണ്ടെത്തുകയും ചെയ്തു. 2012ല്‍ നടത്തിയ പഠനത്തില്‍ സ്വപ്‌ന ജാഗ്രത യഥാര്‍ത്ഥമാണെന്നും ഈ സമയങ്ങളില്‍ മസ്തിഷ്‌കത്തില്‍ ആത്മ നിയന്ത്രണവും സ്വയം ആവേഗം ചെയ്യാനും സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വപ്‌ന ജാഗ്രത ആസ്വദിക്കുകയും മാനസിക പിരിമുറുക്കവും പേടിയും കുറയ്ക്കാനും ഇത് സഹായിക്കുന്നുവെന്നും വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. ഫലപ്രദമായ സ്വപ്‌ന ജാഗ്രത നടത്താനും അത് ജീവിത വിജയത്തിന് കാരണമാകാനുമുള്ള ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ സാധാരണമാണ്.

Next Article