സന്ധി വേദനയെ നിസാരമായി കാണരുത്; കൂടുതല്‍ വൈകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2024 (19:18 IST)
ഡോ. അരവിന്ദ് പി വിജയന്‍

നമ്മുടെ ശരീരത്തിലെ മസ്‌കുലോസ്‌കെല്‍റ്റല്‍ സിസ്റ്റവുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളുടെ കണ്ടെത്തല്‍, അവയുടെ ചികിത്സ, പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ചികിത്സാശാഖയാണ് ഓര്‍ത്തോപീഡിക്‌സ്. അസ്ഥികള്‍, സന്ധികള്‍, ലിഗ്മെന്റുകള്‍, ടെന്‍ഡോണ്‍സ്, പേശികള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് മസ്‌കുലോസ്‌കെല്‍റ്റല്‍ സിസ്റ്റം. അസ്ഥി സന്ധികളില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ എത്രയും നേരത്തേ കണ്ടെത്തേണ്ടത്  ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും സ്ഥിരമായ വൈകല്യങ്ങളില്‍ നിന്നും രക്ഷ നേടുവാനും പരമപ്രധാനമായ കാരണമാണ്. ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ നേരത്തേ ശ്രദ്ധിക്കുകയാണെങ്കില്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുമ്പ് തന്നെ ചികിത്സ തേടുവാന്‍ സാധിക്കും. 
 
പൊതുവായി കാണപ്പെടുന്ന അസ്ഥി രോഗങ്ങളും പ്രയാസങ്ങളും
 
അര്‍ത്രൈറ്റിസ്, ബര്‍സിറ്റ്‌സ്, ടെന്‍ഡനിറ്റിസ്, സന്ധികളിലുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളില്‍ ചിലതാണ്. ഇവ ഓരോന്നും വ്യത്യസ്ത ലക്ഷണങ്ങളുള്ളവയും വ്യത്യസ്ത ചികിത്സ ആവശ്യമുള്ളവയുമാണ്. ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിലൂടെ രോഗമുക്തി വേഗത്തില്‍ സാധ്യമാക്കുകയും, ജീവിതത്തിന്റെ ഗുണമേന്മ ഉയര്‍ത്തുകയും ചെയ്യാം.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
1. വേദനയും അസ്വസ്ഥതയും: സന്ധികളിലുണ്ടാകുന്ന പ്രയാസങ്ങളുടെ പൊതുവായ ആദ്യ ലക്ഷണം വേദനയാണ്. ഈ വേദന സ്ഥിരമോ ഇടയ്ക്കിടെയോ ഉണ്ടാകുന്നതായിരിക്കാം, ചെറിയ വേദന മുതല്‍ തറഞ്ഞിറങ്ങുന്നതുപോലെയുള്ള രൂക്ഷമായ വേദന വരെ ആകാമിത്. ശാരീരികധ്വാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഈ വേദന രൂക്ഷമാവുകയും വിശ്രമിക്കുമ്പോള്‍ ആശ്വാസം തോന്നുകയും ചെയ്യും. ആവശ്യമായ വിശ്രമം എടുത്തിട്ടോ, വേദന സംഹാരികളിലോ കുറവില്ലാത്തതുമായ വേദനകള്‍ ശ്രദ്ധിക്കണം. 
 
2. നീര്‍ക്കെട്ട്: സന്ധികള്‍ക്ക് ചുറ്റുമുള്ള നീര്‍ക്കെട്ട് വീക്കത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും പരിക്കോ, മറ്റ് രോഗബാധയോ ഉണ്ടാകുമ്പോഴുള്ള ലക്ഷണമാണിത്. നീര്‍ക്കെട്ടിനൊപ്പം ആ ഭാഗത്ത് ചൂടും, ചുകപ്പ് നിറമോ ഉണ്ടാകാം. വിട്ടുമാറാത്തതും, കഠിനമായതുമായ നീര്‍ക്കെട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. 
 
3. കാഠിന്യം അനുഭവപ്പെടുക: സന്ധികളില്‍ കാഠിന്യം അനുഭവപ്പെടുന്ന്, പ്രത്യേകിച്ച് രാവിലെകളിലും ദീര്‍ഘനേരം ശാരീരികാധ്വാനങ്ങളൊന്നും ചെയ്യാതിരിക്കുമ്പോള്‍, പല സന്ധി രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. ഈ കാഠിന്യം സന്ധിയെ അതിന്റെ പൂര്‍ണ്ണമായ ചലനത്തില്‍ നിന്നും തടയുന്നു.  മൃദുവായ ചലനത്തിലൂടെ ഈ നില മെച്ചപ്പെട്ടേക്കാം. 
 
4. ചലനം പരിമിതപ്പെടുക: സന്ധികള്‍ ചലിപ്പിക്കുവാനുള്ള ബുദ്ധിമുട്ട് മറഞ്ഞുകിടക്കുന്ന ജോയിന്റ് പതോളജിയുടെ ലക്ഷണമാകാം. വേദന, നീര്‍ക്കെട്ട്, സന്ധികളിലുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങള്‍ തുടങ്ങിയവകൊണ്ടാകാം ഇത്. അനായാസേന ചെയ്തിരുന്ന ദൈനംദിന പ്രവൃത്തികളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. 
 
5. സന്ധി ഭാഗങ്ങളിലെ ഘടനാവ്യത്യാസം: പുറം കാഴ്ചയില്‍ തന്നെ ദൃശ്യമാകുന്ന സന്ധിഭാഗങ്ങളിലെ ഘടനാവ്യത്യാസം ഗുരുതരമായ സന്ധി രോഗങ്ങളുടെ ലക്ഷണമാകാം. തുടക്കഘട്ടത്തില്‍ ഇത് നേരിയ തോതില്‍ മാത്രമാകും അനുഭവപ്പെടുക എങ്കിലും ചികിത്സ നല്‍കാതെ അവഗണിച്ചാല്‍ നാളുകള്‍ കഴിയുംതോറും നില വഷളാകും. 
 
6. ക്രിപിറ്റസ്: സന്ധികള്‍ ചലിപ്പിക്കുന്ന സമയത്ത് ആ ഭാഗത്ത് ചെറിയ ശബ്ദങ്ങളുണ്ടാകുന്നതിനെയാണ് ക്രിപിറ്റസ് എന്ന് പറയുന്നത്. ഇത് തരുണാസ്ഥി തേയ്മാനത്തിന്റെയോ സന്ധികളില്‍ ലൂസ് ബോഡീസ് സാന്നിധ്യത്തിന്റെ ലക്ഷണമോ ആകാം. 
 
7. ബലക്കുറവും അസ്ഥിരതയും: സന്ധികളില്‍ ബലക്കുറവും, അസ്ഥിരതയും അനുഭവപ്പെടുകയും അത് അവഗണിക്കുകയും ചെയ്താല്‍ ലിഗ്മെന്റുകള്‍, ടെന്‍ഡന്‍സ് എന്നിവയുടെ തകരാറിലേക്ക് നയിച്ചേക്കാം. കാല്‍മുട്ടുകളിലും കണങ്കാലുകളിലുമാണ് ഇത് സാധാരണയായി കണ്ടുവരാറുണ്ട്. 
 
മേല്‍പ്പറഞ്ഞ രീതിയിലുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ ആരോഗ്യവിദഗ്ധരുടെ സഹായം തേടേണ്ടതാണ്, പ്രത്യേകിച്ച് ഒരു അസ്ഥിരോഗ വിദഗ്ധന്റെ നേരത്തേ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സ ആരംഭിക്കുകയാണെങ്കില്‍ രോഗത്തിന്റെ വ്യാപ്തി തടയുവാനും, വേഗത്തില്‍ രോഗമുക്തി നേടുവാനും സാധിക്കും. എക്സ്റേ, എംആര്‍ഐ, അല്ലെങ്കില്‍ സിടി സ്‌കാന്‍ എന്നീ പരിശോധനകളിലൂടെയാണ് ഡോക്ടര്‍മാര്‍ സന്ധി രോഗങ്ങളുടെ സ്ഥിതി മനസ്സിലാക്കുന്നതും ആവശ്യമായ ചികിത്സകള്‍ നിര്‍ദേശിക്കുന്നതും. 
 
മുന്‍കരുതല്‍ നടപടികള്‍
 
സന്ധി സംബന്ധമായ രോഗങ്ങള്‍ അപകടങ്ങള്‍ കൊണ്ടും, ചിലപ്പോള്‍ പാരമ്പര്യ ഘടകങ്ങളാലും ഉണ്ടാകാം. മുന്‍കരുതലുകള്‍ക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. 
 
1. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക: അമിതഭാരം ശരീര ഭാരത്തെ താങ്ങി നിര്‍ത്തുന്ന അരക്കെട്ട്, കാല്‍മുട്ട് തുടങ്ങിയ സന്ധികള്‍ക്ക് അമിത സമ്മര്‍ദ്ദം നല്‍കുകയാണ് ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് സന്ധി സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. 
 
2. ഊര്‍ജ്വസ്വലമായി ജീവിക്കുക: സ്ഥിരമായി വ്യായാമം ചെയ്യുന്നത് സന്ധികള്‍ക്ക് ചുറ്റുമുള്ള മസിലുകള്‍ ശക്തിപ്പെടാന്‍ സഹായിക്കും. ഇതിലൂടെ അപകട സാധ്യതകള്‍ കുറക്കാം. നീന്തല്‍, നടത്തം, സെക്ലിംഗ് തുടങ്ങിയവയും ഗുണകരമാണ്. 
 
3. ശരിയായ പോസ്ചര്‍ ശീലിക്കുക: ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോഴും ശരീരത്തിന്റെ പോസ്ചറിനെക്കുറിച്ച് ബോധവാന്മാരായിരിക്കുക. ശരിയായ ശരീര സ്ഥിതി ശീലിച്ചില്ലായെങ്കില്‍ സന്ധികളില്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാകുവാന്‍ കാരണമാകും. 
 
4. ആരോഗ്യകരമായ ഡയറ്റ് ശീലിക്കുക: പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഡയറ്റ് സന്ധികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും. 
 
5. അമിത സമ്മര്‍ദം ഒഴിവാക്കാം: വിശ്രമമില്ലാതെയുള്ള ചലനങ്ങള്‍ അമിതോപയോഗത്തിലൂടെയുണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. തുടര്‍ച്ചയായ ജോലിക്കിടയില്‍ ഇടവേളകളെടുക്കുകയും വേണം. 
 
നേരത്തേ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിലൂടെ രോഗമുക്തിയും വേഗത്തില്‍ സാധ്യമാകും. വേദന, നീര്‍ക്കെട്ട്, ചലനത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ശരീര ഭാരം നിയന്ത്രിക്കുക, സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, ശരീരത്തിന്റെ പോസ്ചറില്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ സന്ധികളിലുണ്ടാകുന്ന രോഗങ്ങളെ തടയുവാനാകും. നമ്മുടെ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ ഒരിക്കലും ലളിതമായെടുത്ത് അവഗണിക്കാതിരിക്കുക.

         ഡോ. അരവിന്ദ് പി വിജയന്‍, കണ്‍സള്‍ട്ടന്റ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപിഡിക്‌സ്, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി, എറണാകുളം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article