കൌമാരക്കാരില്‍ പ്രകടമാകുന്ന ‘നാണം’ മാനസിക വിഭ്രാന്തിയാണോ ?

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (15:25 IST)
കൌമാരക്കാരില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ് നാണം. പല സമയങ്ങളിലും വീട്ടുകാര്‍ ഇതൊരു പ്രശ്‌നമായി പരിഗണിക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ നാണം ഒരു പ്രശ്‌നമായി മാറിയേക്കാം. കൌമാരക്കാരില്‍ ചിലര്‍ സ്‌കൂളുകളില്‍ വലിയ നാണം കുണുങ്ങികളായിരിക്കും. ഇത്തരക്കാര്‍ വീടുകളില്‍ അങ്ങനെയാകണമെന്നില്ല. സ്‌കൂളിലും വീട്ടിലും കുട്ടികള്‍ നാണം കുണുങ്ങികളായി മാറുന്നുണ്ടെങ്കില്‍ അതൊരു വലിയ പ്രശ്‌നംതന്നെയാണ്. വീട്ടുകാരും അധ്യാപകരും വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയാണിത്. 
 
സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ആളുകളെ ഫെയ്സ് ചെയ്യാനുമുള്ള മടി അല്ലെങ്കില്‍ സോഷ്യല്‍ ആന്‍സൈറ്റി എന്നാണ് ഇത്തരം അവസ്ഥയ്ക്ക് പറയുന്നത്. ഇതിനുള്ള പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് അമിതമായ ലജ്ജാശീലം. സഭാകമ്പം, സ്ത്രീകളോട് സംസാരിക്കാന്‍ മടി, ക്ലാസില്‍ മറുപടി പറയാനും ഇടപെടാനും പേടി തുടങ്ങിയവയും ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്. കല്യാണം, സമ്മേളനം, കുറെ ആളുകള്‍ കൂടുന്ന സ്ഥലം എന്നിവയില്‍ നിന്നെല്ലാം ഇത്തരക്കാര്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. എന്തെല്ലാം കാരണങ്ങളാണ് അവരുടെ സ്വഭാവം ഇങ്ങനെയായി തീര്‍ക്കുന്നതെന്ന് നോക്കാം. 
 
സ്‌നേഹമെന്ന ആവശ്യവും അത് പ്രകടിപ്പിക്കലും അവഗണിക്കപ്പെടുന്നതാണ് ഇത്തരമൊരു അവസ്ഥക്കുള്ള പ്രധാന കാരണം. കൂടാതെ വസ്ത്രം, വിദ്യാഭ്യാസം, താമസം, ആഹാരം എന്നിങ്ങനെയുള്ള കുട്ടികളുടെ ആവശ്യങ്ങള്‍ അവഗണിക്കുന്നതും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാം. കൗമാരക്കാരിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സന്താനപരിപാലനത്തിലെ വീഴ്ച്ചയാണ് അമിതമായ ലാളന. എന്തുകൊണ്ടാണെന്ന് വച്ചാല്‍ അവര്‍ക്ക് ആവശ്യമുള്ള എല്ലാം വീട്ടുകാര്‍ ഒരുക്കി കൊടുക്കുന്നതിനാല്‍ മറ്റുള്ളവരുമായി ഇടപെടേണ്ട ആവശ്യം അവര്‍ക്കുണ്ടാവുന്നില്ലെന്നതാണ് അതിന് കാരണം.     
 
മറ്റുള്ളവരുമായി ഇടപഴകുന്നതിനുള്ള പരിശീലനം ലഭിക്കാത്ത കുട്ടികള്‍ ബന്ധങ്ങളിലൂടെ സ്വന്തം വ്യക്തിത്വം രൂപീകരിക്കുന്ന കൌമാരത്തിന്റെ ഘട്ടത്തിലേക്കെത്തുമ്പോള്‍ വലിയ ശൂന്യതയാണ് അനുഭവപ്പെടുക. സമൂഹത്തില്‍ സ്വതന്ത്രമായ ഒരു വ്യക്തിത്വമായി നിലകൊള്ളുന്നതിന് സഹായിക്കുന്ന ഘടകങ്ങളിലെ തന്റെ കുറവ് തിരിച്ചറിയുമ്പോള്‍ സ്വന്തത്തെ സംരക്ഷിക്കാനുള്ള ഒരു മറയായാണ് അവര്‍ നാണത്തെ എടുത്തണിയുന്നത്. ഇത് പലതരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്.
 
അമിതമായ കുറ്റപ്പെടുത്തലാണ് ഇത്തരം അവസ്ഥക്കുള്ള മറ്റൊരു കാരണം. അവരുടെ സംസാരശൈലിയെയോ രൂപത്തെയോ പെരുമാറ്റത്തെയോ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം തകര്‍ക്കുന്നതിന് കാരണമാകാറുണ്ട്. ലജ്ജയെന്നത് ഒരു സല്‍ഗുണമാണെങ്കില്‍ നാണം കുണുങ്ങിയാവുകയെന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒരു കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ ഒരാളെ സാധാര ജീവിതം നയിക്കുന്നതില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും തടയുന്ന ഒന്നാണ് നാണം.
 
ഇത്തരം ആളുകള്‍ക്കുള്ള ചികിത്സ കുടുംബത്തില്‍ വച്ചുതന്നെ നല്‍കാവുന്നതാണ്. കുട്ടികളുടെ കുറവുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ ശ്രമിക്കണം. ഒന്നുകില്‍ അവരോട് തന്നെ ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കുക. അല്ലെങ്കില്‍ അവരുടെ പെരുമാറ്റം നിരീക്ഷിച്ച് മനസ്സിലാക്കുക. അതിനുശേഷം ആ ആവശങ്ങളെല്ലാം പരിഹരിക്കാനും ശ്രമിക്കണം. കൂടാതെ എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തേണ്ടതെന്നും മറ്റും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. 
 
കുട്ടികളുടെ സ്വഭാവത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കണാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ചില പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. അതുപോലെ സ്വന്തത്തെ കുറിച്ചുള്ള ബോധവും ആത്മവിശ്വാസവും കുട്ടികളില്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഉപദേശങ്ങളിലൂടേയോ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ശേഷികള്‍ അവരില്‍ ഉണ്ടാക്കിയെടുത്തോ ഇത് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതാണ്. ഇത്തരത്തിലുള്ള മാര്‍ഗങ്ങളിലൂടെ കുട്ടികളുടെ നാണം മാറ്റിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
Next Article