മനസ്സും വയറും നിറഞ്ഞ് നമ്മൾ കഴിക്കുന്ന ഇഡ്ഡലിക്കുമൊരു ദിവസമുണ്ട്. അതിന്നാണ്, മാർച്ച് 30 ലോക ഇഡ്ഡലി ദിനം. വിദേശരാജ്യങ്ങളിൽ ഭക്ഷണങ്ങൾക്ക് പ്രത്യേക ദിനം ആചരിക്കുന്നിടത്താണ് എന്തുകൊണ്ട് ഇഡ്ഡലിക്ക് അങ്ങനൊരു പദവി നൽകിക്കൂടാ എന്ന അലോചന ഉണ്ടാകുന്നത്. ഇവിടെ നിന്നാണ് മാർച്ച് 30 ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നത്.
പ്രാതലിന് എന്തെന്ന് അലോചിക്കുമ്പോൾ ആദ്യം ഓർമ വരിക ഇഡ്ഡലിയും ചമ്മന്തിയും, പുട്ടും കടലയും, ദോശയും ചമ്മന്തിയും എന്നായിരിക്കും. എന്നാൽ ഇന്ന് മാർച്ച് 30, ദോശയ്ക്ക് പോലും കിട്ടാത്ത അംഗീകാരമാണ് ഇഡ്ഡലിയ്ക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാതലിൽ തിളങ്ങി നിൽക്കുന്നതും ഇഡ്ഡലിയെന്ന രാജാവ് തന്നെ.
ഇന്ത്യയിൽ ദക്ഷിണേന്ത്യയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതൽ ജനങ്ങൾ കഴിക്കുന്നത്. മലേഷ്യ, സിങ്കപ്പൂർ, ബർമ, ശ്രീലങ്ക എന്നിവടങ്ങളിലേക്കും ഇഡ്ഡലി വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ദക്ഷിണേന്ത്യക്കാർ എവിടെയുണ്ടോ അവിടെ ഇഡ്ഡലിയുമുണ്ടെന്ന് പറയുന്നതാകും ഏറ്റവും എളുപ്പം. ചട്ണിയും സാമ്പാറുമാണ് ഇഡ്ഡലിയുടെ കൂട്ടുകാർ.
തമിഴ്നാട്ടിൽ ഒരുകാലത്ത് നടി ഖുശ്ബുവിന്റെ പേരിലും ഇഡ്ഡലിയുണ്ടായിരുന്നു. അതൊക്കെ ഒരു കാലം. റവ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, രസ ഇഡ്ഡലി, നെയ്യ് ഇഡ്ഡലി എന്നിങ്ങനെ പല രൂപത്തിലും പല രുചിയിലും ഇഡ്ഡലി സുലഭമാണ്. ഇഡ്ഡലി മാത്രം വിൽക്കുന്ന കടകളും ഇന്ത്യയിലുണ്ട്.
രുചിയിൽ വ്യത്യസ്തമായ ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി. കേരളത്തിലെ പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിലാണ് ഈ ഇഡ്ഡലിപ്പെരുമ. ഇഡ്ഡലിയോടുള്ള പ്രേമമാണ് രാമശ്ശേരി ഗ്രാമത്തെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണം. ഇഡ്ഡലി തിന്നാൻ വേണ്ടിയുള്ള യാത്രയാണ് രാമശ്ശേരിയിലേക്ക് പലരേയും എത്തിക്കുന്നത്.