ഹെപ്പറ്റൈറ്റിസ്-എ ഏറെ അപകടകരമാണ്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്. ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍ നിന്നും അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകരാന്‍ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാല്‍ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95% കുട്ടികളിലും, 10-25% മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. 2 മുതല്‍ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്
ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളായി മരണം വരെ സംഭവിക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.