പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (11:41 IST)
Diabetes Distress

പ്രമേഹ രോഗിയായി ജീവിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക എന്നതിലുപരി, ആരോഗ്യകരമായ ഭക്ഷണരീതി ക്രമീകരിച്ച് കൃത്യമായ പരിധിയില്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലര്‍ത്തുക എന്നത് വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ട ഒന്നാണ്. എന്ത് ഭക്ഷണം, എപ്പോള്‍, എത്ര അളവില്‍ കഴിക്കണമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാല്‍ എന്ത് ചെയ്യണമെന്നും  തുടങ്ങി നിരവധി കാര്യങ്ങളില്‍ നാം എല്ലായ്പ്പോഴും ബോധവാന്മാരായിരിക്കണം. നിത്യജീവിതത്തിലെ ഇത്തരം വെല്ലുവിളികള്‍ കാലക്രമേണ ഡയബിറ്റിസ് ഡിസ്ട്രസ് എന്നറിയപ്പെടുന്ന മാനസിക സമ്മര്‍ദ്ദത്തിലേക്ക് മനുഷ്യനെ നയിക്കാം.
 
ഇന്ത്യയില്‍ 101 മില്യണിലധികം പ്രമേഹ ബാധിതരാണുള്ളത്, ഇവരില്‍ ഏകദേശം 18 ശതമാനം പേര്‍ ഡയബറ്റിസ് ഡിസ്ട്രസ് അല്ലെങ്കില്‍ ബേണ്‍ഔട്ട് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ചിലര്‍ക്കിത് ദേഷ്യം, നിരാശ, മാനസിക ക്ഷീണം എന്നീ രൂപത്തില്‍ പ്രകടമാകുമ്പോള്‍ മറ്റുചിലര്‍ ശാന്തമായി പെരുമാറുകയും, ഗ്ലൂക്കോസ് പരിശോധനയും മരുന്നുകളും ഒഴിവാക്കി, ഡോക്ടറെ കാണുന്നതില്‍ നിന്നു പോലും പിന്മാറുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. പ്രമേഹ രോഗം നിയന്ത്രിക്കാന്‍ ദിവസേന നടത്തുന്ന പരിശ്രമങ്ങള്‍ പലര്‍ക്കും വലിയ സമ്മര്‍ദ്ദമായി മാറാറുണ്ട്. പ്രമേഹത്തിന്റെ മാനസികവും വികാരപരവുമായ പ്രത്യാഘാതങ്ങളെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. ഇത് വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിന്റെ ബാലന്‍സ് കണ്ടെത്തി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സഹായിക്കും.
 
പ്രമേഹ നിയന്ത്രണത്തിന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുണ്ട്. കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) പോലെയുള്ള സംവിധാനങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില യഥാസമയം രോഗിയെ അറിയിക്കുകയും, ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്താല്‍ ഉടന്‍ അലാറം നല്‍കി ശരിയായ നടപടി എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, CGM ഉപയോഗിച്ച് ഭക്ഷണം, വ്യായാമം, ഇന്‍സുലിന്‍ എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനും സാധിക്കും.
 
 
'പ്രമേഹം നിയന്ത്രിക്കാന്‍ ശരീരത്തിന്റെയും മനസിന്റെയും സമഗ്രമായ സമീപനം ആവശ്യമാണ്. കൃത്യമായ ബാലന്‍സ് കണ്ടെത്തുകയാണ് ഫലപ്രദമായ രോഗനിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. പോഷക സമൃദ്ധമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, നിരന്തരം ഗ്ലൂക്കോസ് പരിശോധിക്കല്‍ എന്നിവ ഉള്‍പ്പെടെ ശരിയായ ദിനചര്യ അനിവാര്യമാണ്,' കൊച്ചി വൈറ്റാലിസ് ഹെല്‍ത്തിലെ ഡോ. ജിഷ വിജയകുമാര്‍, MBBS, DNB അഭിപ്രായപ്പെട്ടു. 
 
 
പ്രമേഹം നിയന്ത്രണം പലപ്പോഴും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദം രോഗികളെ പലപ്പോഴും മാനസികമായി ബാധിക്കും. കുടുംബവും സമൂഹവും അവരോടൊപ്പം  ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവരിലുണ്ടാകുന്ന മാനസിക സംഘര്‍ഷം ഒരു പരിധി വരെ കുറയ്ക്കാനാകും. മാത്രമല്ല കുടുംബാംഗങ്ങള്‍ ദിനചര്യയില്‍ പങ്കാളികളാകുന്നത് കൃത്യമായി മരുന്ന് കഴിക്കല്‍, ഭക്ഷണ നിയന്ത്രണം, ഗ്ലൂക്കോസ് പരിശോധന തുടങ്ങിയവ സ്ഥിരമായി പാലിക്കാന്‍ സഹായിക്കും. സമൂഹത്തിന്റെ പിന്തുണ രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും, ഡോക്ടര്‍മാരുമായി തുറന്നുസംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഒറ്റപ്പെടല്‍ കുറയുമ്പോള്‍ ഡയബറ്റിസ് ഡിസ്ട്രസും കുറയും മറ്റുള്ളവരുടെ പിന്തുണ രോഗനിയന്ത്രണം എളുപ്പമാക്കുകയും ചെയ്യും.
 
'ഡയബറ്റിസ് ഡിസ്ട്രസ് കുറയ്ക്കാനും ബേണ്‍ഔട്ട് ഒഴിവാക്കാനും CGM ഉപകരണങ്ങള്‍ വലിയ രീതിയില്‍ സഹായകരമാകും. CGM-കള്‍ ഗ്ലൂക്കോസ് അളവ് ട്രാക്ക് ചെയ്യുന്നതിലുപരി കുടുംബത്തോടും ഡോക്ടര്‍മാരോടും തത്സമയം വിവരങ്ങള്‍ പങ്കിടാന്‍ രോഗിയെ സഹായിക്കുന്നു. ഇതിലൂടെ രോഗിക്ക് പിന്തുണയും അറിവും നല്‍കുന്ന ശക്തമായ ഒരു കെയര്‍ നെറ്റ്വര്‍ക്ക് തന്നെ രൂപപ്പെടുന്നു,' മെഡിക്കല്‍ അഫയേഴ്‌സ്, സൗത്ത് ഏഷ്യ, അബോട്ട്, തലവന്‍ ഡോ.വിവേക് അയ്യര്‍ പറഞ്ഞു.''
 
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന 3 എളുപ്പ മാര്‍ഗ്ഗങ്ങള്‍
 
1. കൃത്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക: കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണങ്ങള്‍ ഗ്ലൂക്കോസിന്റെ അളവ് ഓരോ മിനിറ്റിലും നിരീക്ഷിച്ച് ക്രമാതീതമായി അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍  മുന്നറിയിപ്പ് നല്‍കി കൃത്യസമയത്ത് വേണ്ട കരുതലുകലെടുക്കാന്‍ സഹായിക്കുന്നു. വേദനയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങള്‍ പ്രമേഹ നിയന്ത്രണത്തിലെ മാനസിക സംഘര്‍ഷവും കുറയ്ക്കുന്നു
 
 
2. ദിനചര്യകളില്‍ കൃത്യമായ ബാലന്‍സ് നിലനിര്‍ത്തുക: പ്രമേഹ നിയന്ത്രണത്തില്‍ എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി ചെയ്യണമെന്ന ചിന്താഗതി  ഒഴിവാക്കുക. കാരണം പലപ്പോഴും ഈ സമ്മര്‍ദം ബേണ്‍ഔട്ടിലേക്ക് നയിക്കാം. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തി,  ആരോഗ്യകരമായ ജീവിതശൈലി  പിന്തുടരുക, ഇത് രോഗനിയന്ത്രണം കൂടുതല്‍ എളുപ്പമാക്കും.
 
3. പ്രവര്‍ത്തനക്ഷമരായിരിക്കുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക: നടപ്പ്, യോഗ, നീന്തല്‍, ഡാന്‍സ്, വെയിറ്റ് ട്രെയിനിംഗ് എന്നിവയുള്‍പ്പെടെ ആഴ്ചയില്‍ 150 മിനിറ്റ് വരെ വ്യായാമം ചെയ്യുക. വ്യായാമം ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമാണ്.
 
ഇവയൊക്കെ കൂടാതെ മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുകയോ ഇഷ്ട വിനോദങ്ങളിലേര്‍പ്പെടുകയോ ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ ആരോഗ്യവും മാനസിക സന്തോഷവുമാണെന്ന് ബോധവാന്മാരായിരിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍