ഡെങ്കിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പനി വന്നാല്‍ സ്വയം‌ചികിത്‌സ പാടില്ല

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (16:00 IST)
പ്രളയശേഷം പകര്‍ച്ച വ്യാധികളാണ് കേരളത്തെ പിടികൂടി ശ്വാസം മുട്ടിക്കുന്നത്. എലിപ്പനി ബാധിച്ച് ഇതിനോടകം 25 പേര്‍ മരിച്ചതായാണ് വിവരം. ഇതിനൊപ്പം തന്നെ ഡെങ്കിപ്പനിയും കേരളത്തില്‍ പടര്‍ന്നുപിടിക്കുകയാണ്.
 
വളരെയധികം സൂക്ഷിക്കേണ്ട ഒരു പനിയാണ് ഡെങ്കിപ്പനി. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി മരണകാരണമാകും. 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്നം ഗുരുതരമാകുന്നു. ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. 
 
ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കൌണ്ട് കുറയുകയും ചെയ്യും.
 
ഡെങ്കി വരാതെ തടയാന്‍
 
പരിസരത്ത് വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്ന് വെക്കരുത്. 
 
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്. 
 
ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് എട്ടുമുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു. 
 
കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.
 
രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക് കടിക്കുന്നതില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article