ഇടയ്ക്കിടെ മലവിസര്‍ജനം, ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ബുദ്ധിമുട്ട്; മലാശയ കാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കാം

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (12:09 IST)
പൊതുവെ പ്രായമായവരില്‍ കാണപ്പെടുന്ന അസുഖമാണ് മലാശയ കാന്‍സര്‍ അല്ലെങ്കില്‍ വന്‍കുടല്‍ കാന്‍സര്‍. എന്നാല്‍ ഏത് പ്രായത്തിലുമുള്ള ആളുകള്‍ക്കും മലാശയ അര്‍ബുദം ബാധിച്ചേക്കാം. മലവിസര്‍ജനത്തില്‍ അടക്കം കാണപ്പെടുന്ന മാറ്റങ്ങള്‍ മലാശയ കാന്‍സറിന്റെ ലക്ഷണമായിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. 
 
അമിത വണ്ണമുള്ളവരില്‍ മലാശയ കാന്‍സറിന് സാധ്യത കൂടുതലാണ്. ശരീരത്തിനു കൃത്യമായ വ്യായാമം നല്‍കുകയും അതുവഴി അമിത വണ്ണം കുറയ്ക്കുകയും വേണം. എങ്കില്‍ മാത്രമേ മലാശയ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കൂ. റെഡ് മീറ്റ് അമിതമായി കഴിക്കുന്നവരിലും മലാശയ കാന്‍സറിന് സാധ്യതയുണ്ട്. ബീഫ്, പോര്‍ക്ക്, മട്ടണ്‍, കരള്‍ എന്നിവ അമിതമായി കഴിക്കരുത്. കലോറിയും കൊഴുപ്പും ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതും മലാശയ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫൈബര്‍ കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയാണ് വേണ്ടത്. പച്ചക്കറികളും ഫ്രൂട്ട്‌സും ശീലമാക്കണം. 
 
മലശോധനയിലുള്ള വ്യത്യാസങ്ങള്‍ മലാശയ കാന്‍സറിന്റെ ലക്ഷണമായിരിക്കും. ചിലരില്‍ മലവിസര്‍ജനം അമിതമാകുക, അല്ലെങ്കില്‍ മലവിസര്‍ജനം നടത്താന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണം. ഒരിക്കല്‍ മലവിസര്‍ജനം നടത്തിയാലും മുഴുവന്‍ പോയിട്ടില്ലെന്ന് തോന്നുന്നതും ഇതിന്റെ ലക്ഷണമായിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ തുടര്‍ച്ചയായി കണ്ടാല്‍ വൈദ്യസഹായം തേടണം. ചിലരില്‍ മലത്തില്‍ കറുപ്പ് നിറം, രക്തം എന്നിവയും കാണപ്പെടുന്നു. വന്‍കുടലിലെ അര്‍ബുദം 10 മുതല്‍ 12 ശതമാനം വരെ ആളുകളില്‍ പാരമ്പര്യമായി കാണപ്പെട്ടേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ ഒന്നിലേറെ പേര്‍ക്ക് ഈ അസുഖം വരികയും നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്താല്‍ പരിശോധനകള്‍ നടത്തണം. വയറിനുള്ളില്‍ ഗ്യാസ് പ്രശ്‌നം, ശരീരക്ഷീണം, വയറുവേദന എന്നിവയും മലാശയ കാന്‍സറിന്റെ ലക്ഷണങ്ങളാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article