ചിക്കനും മീനുമെല്ലാം വറുത്തും പൊരിച്ചും കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. രുചി കൂടുതല്‍ ലഭിക്കും എന്നതുകൊണ്ടാണ് പൊരിച്ച ഭക്ഷണ സാധനങ്ങള്‍ നാം സ്ഥിരമായി കഴിക്കുന്നത്. എന്നാല്‍ വറുത്തതും പൊരിച്ചതും ശീലമാക്കിയാല്‍ നിങ്ങളുടെ ആരോഗ്യം അതിവേഗം നശിക്കുമെന്ന കാര്യം മനസിലാക്കണം. സ്ഥിരമായി വറുത്തതും പൊരിച്ചതും കഴിക്കുന്നവര്‍ക്ക് നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
വറുത്തെടുത്ത ഭക്ഷണ സാധനങ്ങള്‍ കഴിക്കുമ്പോള്‍ ശരീരം കൂടുതല്‍ കലോറി ആഗിരണം ചെയ്യുന്നു. ഭക്ഷണ സാധനങ്ങള്‍ വരുക്കാനും പൊരിക്കാനും വലിയ തോതില്‍ വെളിച്ചെണ്ണയോ എണ്ണയോ ആവശ്യമാണ്. ശരീരത്തിലേക്ക് കൂടുതല്‍ എണ്ണ മെഴുക്ക് എത്താന്‍ ഇതിലൂടെ കാരണമാകുന്നു. വറുത്തതും പൊരിച്ചതും സ്ഥിരമാക്കിയാല്‍ അതിവേഗം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് അടക്കം നയിക്കുകയും ചെയ്യുന്നു.
എണ്ണയില്‍ വറുക്കുമ്പോള്‍ ഭക്ഷണ സാധനങ്ങളിലെ ജലാംശം പൂര്‍ണമായി നഷ്ടപ്പെടുകയും കൊഴുപ്പ് സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിനു ഒരു സാധാരണ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കലോറി 128 ആണ്. ഇതേ ഉരുളക്കിഴങ്ങ് എണ്ണയില്‍ വറുത്തെടുത്ത് ഫ്രഞ്ച് ഫ്രൈസ് ആയി എത്തുമ്പോള്‍ കലോറി 431 ആകുന്നു, അതിലൂടെ 20 ഗ്രാം കൊഴുപ്പ് ശരീരത്തിലേക്ക് എത്തുന്നു.
വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നതിനാല്‍ അമിത വണ്ണം, കൊളസ്‌ട്രോള്‍, ഹൃദയസ്തംഭനം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഓരോ തവണ എണ്ണ ചൂടാക്കുമ്പോഴും അതില്‍ കൊഴുപ്പിന്റെ അളവ് കൂടുകയാണ്. അതായത് ഹോട്ടലുകളില്‍ പലതവണ ഒരേ എണ്ണ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങള്‍ വറുക്കുകയും പൊരിക്കുകയും ചെയ്യും. ഇതിലൂടെ ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവും ഉയരുന്നു.