കല്യാണസദ്യ കഴിക്കുന്നതിനു മുമ്പ് കൈ കഴുകിയില്ലെങ്കില്‍ ആര്‍ക്കാണ് കുഴപ്പം ?

ജെ ജെ
വെള്ളി, 26 ഓഗസ്റ്റ് 2016 (15:53 IST)
നാട്ടുനടപ്പ് അനുസരിച്ച് വീട്ടുമുറ്റത്ത് പന്തലിട്ട് അടുക്കളഭാഗത്ത് അടുപ്പുംകൂട്ടി വീട്ടില്‍ തന്നെയാണ് കല്യാണങ്ങള്‍ നടന്നിരുന്നത്. എന്നാല്‍, കാലം മാറിയപ്പോള്‍ കഥയും മാറി ഓഡിറ്റോറിയങ്ങള്‍ കല്യാണപ്പുരകളായി. കല്യാണവും ഭക്ഷണവും എല്ലാം ഓഡിറ്റോറിയത്തില്‍ അല്ലെങ്കില്‍ കല്യാണമണ്ഡപങ്ങളില്‍.  കല്യാണസദ്യ വിളമ്പുന്ന ഹാളിനു മുന്നിലെ കാഴ്ചയാണ് ഗംഭീരം. വിവാഹച്ചടങ്ങുകള്‍ കഴിയുന്നതു വരെ  സദ്യ വിളമ്പുന്ന ഹാള്‍ അടച്ചിട്ടിരിക്കുകയായിരിക്കും. എന്നാല്‍, ചടങ്ങുകള്‍ കഴിഞ്ഞ് ഹാള്‍ തുറന്നാല്‍ ഇരച്ചുകയറുകയാണ് ആള്‍ക്കാര്‍. ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രത്തില്‍ വളരെ രസകരമായി  ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്.
 
ഈ കല്യാണസദ്യ കഴിക്കുന്നതിനു മുമ്പ് നിങ്ങള്‍ കൈ കഴുകാറുണ്ടോ ? കല്യാണസദ്യയ്ക്ക് സീറ്റ് കിട്ടുന്നതു തന്നെ മഹാഭാഗ്യം അപ്പോഴാണ് കൈ കഴുകുന്നത്. ഒരു ദിവസം കൈ കഴുകാതെ ഭക്ഷണം കഴിച്ചാലും എന്താണ് കുഴപ്പം എന്നാണോ ചോദ്യം. കുഴപ്പേയുള്ളൂ, വൃത്തിയാക്കാത്ത ഒരു കൈയിലെ രോഗാണുക്കളുടെ കണക്ക് കേട്ടാല്‍ ജീവിതത്തില്‍ കൈ കഴുകാതെ ഭക്ഷണം കഴിക്കില്ല.
 
പത്തുകോടി ബാക്‌ടീരിയകള്‍ ഉള്‍പ്പെടെ നിരവധി സൂക്ഷ്‌മരോഗാണുക്കള്‍ ആണ് വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയില്‍ ഉള്ളത്. അതുകൊണ്ടു തന്നെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കൈ കഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്റെ 2008ലെ കണക്കനുസരിച്ച് ഭക്ഷണത്തിനു മുമ്പ് 38 ശതമാനം ആളുകള്‍ മാത്രമാണ് കൈ കഴുകുന്നത്. എന്നാല്‍, ഈ ശീലം മുഴുവന്‍ ആളുകളിലേക്കും വ്യാപിച്ചേ പറ്റൂ.
 
ഭക്ഷണം കഴിക്കുന്നതിനു  മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെ കുട്ടികളില്‍ വയറിളക്കം 40 ശതമാനവും ന്യൂമോണിയ പോലുള്ള ശ്വാസകോശ അണുബാധരോഗങ്ങള്‍ 30 ശതമാനവും കുറയ്ക്കാന്‍ കഴിയും. കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്ന പ്രധാനവില്ലന്മാര്‍ ഈ രോഗങ്ങളാണ്. 2014ലെ UNICEF പഠനറിപ്പോര്‍ട്ടില്‍ വയറിളക്കം, ശ്വാസകോശ അണുബാധ എന്നിവ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് സോപ്പിട്ട് കൈ കഴുകുന്നത്. ടൈഫോയ്‌ഡ്, വിരശല്യം, മഞ്ഞപ്പിത്തം, ത്വക്കിലും കണ്ണിലുമുള്ള അണുബാധ എന്നിവയും സോപ്പിട്ട് കൈ കഴുകുന്നതിലൂടെ തടയാന്‍ പറ്റും.
 
കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും കൈ കഴുകുന്നതില്‍ വളരെയേറെ ശ്രദ്ധിക്കണം. ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 18 മടങ്ങ് രോഗാണുക്കള്‍ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ഉണ്ടെന്ന് വിദേശരാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുറത്തിറങ്ങുമ്പോള്‍ കൈ വൃത്തിയാക്കാതെ സ്നാക്സ് കഴിക്കുമ്പോഴും ഹസ്തദാനം നടത്തുമ്പോഴും എല്ലാം രോഗാണുക്കള്‍ പടരുകയാണ്. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ച് നിര്‍ബന്ധമായും കൈ കഴുകണം. കൈകളില്‍ പറ്റിപിടിച്ചിരിക്കുന്ന രോഗാണുക്കളെ കൈകളില്‍ നിന്ന് നീക്കുന്നതില്‍ എല്ലാ സോപ്പുകളും ഒരുപോലെ ഫലപ്രദമാണ്.
 
ഭക്ഷണം കഴിക്കുന്നതിനു മുമ്പും പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നതാണ് കേരളത്തില്‍ പ്രചാരത്തിലുള്ള രീതി. എന്നാല്‍, സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെയത്ര ഫലപ്രദമല്ല ഇത്. കൈ കഴുകലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ എല്ലാവര്‍ഷവും ഒക്‌ടോബര്‍ 15 ലോക കൈകഴുകല്‍ ദിനമായി ആചരിക്കാറുണ്ട്.
Next Article