സ്‌തനാര്‍ബുദം തടയാനുള്ള മാര്‍ഗങ്ങള്‍

Webdunia
വെള്ളി, 3 ഫെബ്രുവരി 2012 (19:19 IST)
PRO
ഇന്ത്യയില്‍, പല സ്‌ത്രീകളും ആശുപത്രികളില്‍ എത്തുന്നത് തന്നെ സ്‌തനാര്‍ബുദം എണ്‍പത് ശതമാനത്തോളം മൂര്‍ച്ഛിച്ച് അതിന്റെ ഗുരുതരാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള മുഖ്യ കാരണം, പ്രത്യേകിച്ച് നഗരവാസികളില്‍, വേഗതയാര്‍ന്ന ജീവിതശൈലിയും വളരെ താമസിച്ചുള്ള പ്രത്യുല്‍പ്പാദനവുമാണെന്നാണ് ഡോക്‌ടര്‍മാരുടെ കണ്ടെത്തല്‍.

വ്യായാമക്കുറവ്, മോശമായ ആഹാരരീതി, വര്‍ദ്ധിച്ചുവരുന്ന പുകയില‍, ആല്‍ക്കഹോള്‍ ഉപയോഗങ്ങള്‍ എന്നിവയും വൈകിയുള്ള വിവാഹം പോലുള്ള ജീവിതശൈലിയിലെ മാറ്റങ്ങളും സ്‌തനാര്‍ബുദത്തിനുള്ള പ്രമുഖ കാരണങ്ങളില്‍പ്പെടുന്നു.

ഗ്രാമവാസികളാ‍യ സ്‌ത്രീകളെക്കാള്‍ നഗരവാസികളായ സ്‌ത്രീകള്‍ക്ക് സ്‌തനാര്‍ബുദത്തിനുള്ള സാധ്യത ഏകദേശം ഇരട്ടിയോളമാണെന്ന് ക്യാന്‍സര്‍ രജിസ്‌ട്രി ഡാറ്റകള്‍ തെളിയിക്കുന്നതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലെ സീനിയര്‍ ഓങ്കോളജിസ്റ്റ് പി കെ ജുല്‍ക്ക പറയുന്നു.

ഹോര്‍മോണ്‍ വ്യവസ്ഥയെ താറുമാറാക്കുന്ന വൈകിയുള്ള പ്രത്യുല്‍പ്പാദന പ്രക്രിയയും ശാരീരികാദ്ധ്വാനത്തിന്റെ കുറവുമാണ് ഇന്ത്യയില്‍ സ്‌തനാര്‍ബുദ നിരക്ക് അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. അതുമാത്രമല്ല, സ്‌തനാര്‍ബുദം അതിന്റെ പ്രാരംഭദശയില്‍ തന്നെ ചികിത്സിക്കാനുള്ള മടികാരണം ഭൂരിഭാഗം സ്‌ത്രീകളും അതിന് തയ്യാറാകുന്നില്ലെന്നും ജുല്‍ക്ക പറയുന്നു.

മൂര്‍ദ്ധന്യാവസ്ഥയിലായ രോഗവുമായി ആശുപത്രിയിലെത്തുന്ന സ്‌ത്രീകളുടെ കണക്ക് ഇന്ത്യയില്‍ 80 ശതമാനമാണെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അത് വെറും 20 ശതമാനമാണ്. സ്‌ത്രീകള്‍ക്ക് സുഹൃത്തുക്കളോടോ കുടുംബത്തിലുള്ളവരോടോ പോലും ഇത് തുറന്നുപറയാനുള്ള മടിനിമിത്തം സ്‌തനാര്‍ബുദം തടയാനുള്ള സാധ്യതകള്‍ കുറയുന്നുവെന്നും ജുല്‍ക്ക കൂട്ടിച്ചേര്‍ത്തു.

ഇന്ന് സ്‌തനാര്‍ബുദത്തിനുള്ള ചികിത്സ വളരെയധികം വികസിച്ചിട്ടുണ്ട്. അതിനാല്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുന്ന സ്‌തനാര്‍ബുദം പൂര്‍ണ്ണമായും ചികിത്സിച്ചുമാറ്റാന്‍ കഴിയുമെന്ന് പ്രമുഖ ഡോക്‌ടര്‍മാര്‍ സാക്‍ഷ്യപ്പെടുത്തുന്നു. ക്യാന്‍സര്‍ വിഭാഗത്തില്‍ തന്നെ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗമാണ് സ്‌തനാര്‍ബുദമെന്ന് ധര്‍മശില ക്യാന്‍സര്‍ ഗവേഷണ കേന്ദ്രത്തിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് അനുഷ്‌മാന്‍ കുമാര്‍ പറയുന്നു.

40 വയസ് കഴിഞ്ഞ സ്‌ത്രീകള്‍ ഒരു ഡോക്‌ടറെ സന്ദര്‍ശിച്ച് വാര്‍ഷിക പരിശോധന നടത്തേണ്ടതാണ്. കൂടാതെ മാസംതോറും സ്വയം പരിശോധനയും ചെയ്യണം. സ്‌തനങ്ങളില്‍ അസാധാരണമായ തടിപ്പോ മുഴയോ വേദനയോ മറ്റോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ തന്നെ വിദഗ്ധോപദേശം തേടേണ്ടതുമാണ്.