സേവനത്തിന്‍റെ മഹത്വവുമായി മാലാഖമാരുടെ ദിനം

Webdunia
തിങ്കള്‍, 12 മെയ് 2014 (12:23 IST)
സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ഇന്ന് ലോകമെമ്പാടും കൊണ്ടാടുകയാണ്. വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌ ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌. 1820 മേയ്‌ 12നാണ് നൈറ്റിംഗേല്‍ ജനിച്ചത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലാണ്‌ ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അര്‍പ്പണബോധന്റെയും പുണ്യകര്‍മമാക്കി മാറ്റിയത്‌.
 
ഇപ്പോള്‍ 120ലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സസ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899ലാണ് നിലവില്‍ വന്നത്.
 
അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ നേതൃത്വത്തില്‍ നഴ്സിങ് പരിശീലനം, മാനേജ്മെന്‍റ് ഗവേഷണം, സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസം എന്നിവ നല്‍കുന്നുണ്ട്. നേതൃത്വ വികസനം, പങ്കാളിത്തം, ശൃംഖല, കണ്‍വന്‍ഷനുകള്‍, സാമൂഹ്യസേവനം ഇവയില്‍ സമിതി ക്ളാസുകള്‍ സംഘടിപ്പിക്കുന്നു. നേതൃത്വം, പൂര്‍ണ്ണത, പങ്കാളിത്തം, ലക്‍ഷ്യം ഇവയിലൂന്നിയാണ് അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നത്.
 
ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്‍റെ ചരിത്രം കേരളത്തിന്‍റെ ആതുരശുശ്രൂഷാ രംഗത്തിന്‍റെചരിത്രം കൂടി പറയുന്നതാണ്.