ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം. പ്ലാസ്റ്റിക്കിന്‍റെ അമിതമായ ഉപയോഗം, വ്യവസായ വല്‍ക്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ക്കൊണ്ടാണ് മലിനീകരണത്തിന്റെ തോത് ഭയാനകമായ രീതിയില്‍ വര്‍ദിക്കുന്നത്. ലോകത്ത് നിത്യേന ആയിരക്കണക്കിന് ആളുകള്‍ക്കാണ് മലിനീകരണം കൊണ്ടുള്ള അസുഖങ്ങള്‍ പിടിപെടുന്നത്. അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിലും ഇത്തരം മരണങ്ങള്‍ കൂടുന്നതിലും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് വീടുകള്‍ക്കുള്ളിലെ മലിനീകരണമാണ്.
വീടിനകത്ത് പുറംതള്ളാതെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളും മലിന ജലവും ആണ് ഇത്തരം രോഗങ്ങള്‍ പടരുന്നതിന്റെ പ്രധാന കാരണം. പാസ്റ്റിക്കും ഇക്കാര്യത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോള്‍ ഏത് സാധനം വാങ്ങിയാലും അത് പ്ലാസ്റ്റിക്കിലായിരിക്കും കിട്ടുക. ഉപയോഗത്തിന് ശേഷം ഇത്തരം പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍തന്നെ സൂക്ഷിക്കുന്നത് വീടുകള്‍ക്കുള്ളിലെ മലിനീകരണത്തിന്റെ തോത് കൂട്ടുന്നു.
പരിസ്ഥിതി മലിനീകരണത്തേക്കുറിച്ച് പൊതുവേ ഉള്ള ധാരണ മാറ്റി മറിക്കുന്ന പഠന റിപ്പോര്‍ട്ട് ആണ്
ഈയടുത്ത കാലത്ത് പുറത്തുവന്നത്. ലോകത്ത് 4.3 ദശലക്ഷം പേര്‍ ദിനംപ്രതി വീടിനകത്തെ മലിനീകരണം കാരണം മരിക്കുന്നു. എന്നാല്‍ പുറത്തുള്ള മലിനീകരണം കാരണം മരിക്കുന്നരുടെ എണ്ണം 3.5 ദശലക്ഷം മാത്രമാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളും താമസിക്കുന്നവര്‍ ക്ലീനിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന കീടനാശിനിയും വീടിനകത്തെ മലിനീകരണത്തിന്റെ പ്രധാന കാരണമാണ്.
നഗരങ്ങളില്‍ ജീവിക്കുന്നവര്‍ അവരുടെ 90% സമയവും ചിലവിടുന്നത് വീടിനകത്താണ്. വീടിനകത്തെ മലിനമായ വായു ശ്വസിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നു. നഗരങ്ങളില്‍ മിക്ക വീടുകളും റോഡുകള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത് എന്നതും വീടിനകത്തെ വായു മലിനീകരണത്തിന്റെ തോത് വര്‍ദിപ്പിക്കുന്നു. മുറികള്‍ക്കുള്ളില്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുന്ന തുണികളില്‍ നിന്നും വരുന്ന ഗന്ധവും വായു മലിനീകരണത്തിന് കാരണമാകുന്നു.