പന്നി ഹൃദയത്തിനായി ഡോ. വേണുഗോപാല്‍

Webdunia
PROPRO
പന്നികളുടെ ഹൃദയം ക്ലോണ്‍ ചെയ്യുന്നത് പ്രയോജനപ്പെടുമെന്ന് എ ഐ ഐ എം എസിലെ മുന്‍ ഡയറക്ടര്‍ പി വേണുഗോപാല്‍. മനുഷ്യ ഹൃദയങ്ങള്‍ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ മനുഷ്യ ഹൃദയത്തോട് ഏറെ സമാനതകളുള്ള പന്നികളുടെ ഹൃദയം ക്ലോണ്‍ ചെയ്യാമെന്നാണ് ഡോ. വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്.

അവയവങ്ങള്‍ക്കായി മറ്റ് മൃഗങ്ങളെ ആശ്രയിക്കേണ്ട സമയമായിരിക്കുകയാണ്. മനുഷ്യ ഹൃദയത്തോട് ഏറ്റവും അടുത്ത സമാനതയുള്ളത് പന്നികളുടെ ഹൃദയത്തിനാണ്. ഹൃദ്രോഗ ചികിത്സയ്ക്ക് വിത്ത് കോശ സാങ്കേതിക വിദ്യ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എ ഐ ഐ എം എസ് ഡയറക്ടറായിരിക്കെ കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാമദോസുമായി കൊമ്പുകോര്‍ത്ത ഡോ. വേണുഗോപാലിനോട് അതേ കുറിച്ച് ചോദിച്ചപ്പോള്‍ ‘തങ്ങള്‍ നല്ല കൂട്ടുകാരാണെന്ന്’ അദ്ദേഹം പറഞ്ഞു.

എന്നാല്‍, രാ‍മദോസിന്‍റെ പുകയില വിരുദ്ധ പ്രചരണ പ്രവര്‍ത്തനത്തെ താന്‍ പിന്തുണയ്ക്കുന്നതായും ഡോ. വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ഒരേലിംഗത്തില്‍ പെട്ടവര്‍ തമ്മിലുളള ലൈംഗികതയെ അനുകൂലിക്കുന്ന മന്ത്രിയുടെ നിലപാട് സംബന്ധിച്ച് അത് ഓരോരുത്തരുടെ വീക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ 0.9 ശതമാനം മാത്രമേ ആരോഗ്യ മേഖലയില്‍ ചെലവഴിക്കപ്പെടുന്നുള്ളൂ എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.