ഒറ്റമൂലിമരുന്ന് കഴിച്ച യുവാവ് മരിച്ചു; വൈദ്യന്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (15:23 IST)
PRO
PRO
ഒറ്റമൂലി മരുന്ന് കഴിച്ച യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി സാദ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുവൈദ്യന്‍ യേശുദാസനെ അറസ്റ്റ് ചെയ്തു.

ഇയാളുടെ ബന്ധു ആര്യനാട് പൂച്ചെടിവിള സ്വദേശി ഷാജഹാനാണ് ഒറ്റമൂലി വൈദ്യനെ പരിചയപ്പെടുത്തിയത്. പിത്തവും കൈകാല്‍ വേദനയുമൊക്കെയായി ബുദ്ധിമുട്ടുന്ന സാദിനെ ഷാജഹാന്‍ ആര്യനാട് ഇരിഞ്ചയത്തെ യേശുദാസന്റെ(56) അടുക്കല്‍ കൊണ്ടുപോയി.

30 വര്‍ഷമായി ലൈസന്‍സൊന്നും കൂടാതെ ചികിത്സ നടത്തുന്ന വൈദ്യനായിരുന്നു യേശുദാസന്‍. ഇയാള്‍ സാദിന് ഒറ്റമൂലി മരുന്ന് നല്‍കി. ശനിയാഴ്ച വൈകിട്ടായിരുന്നു മരുന്ന് കഴിച്ചത്.
രാത്രിയായപ്പോള്‍ ഇയാള്‍ക്ക് ഛര്‍ദി തുടങ്ങി. തുടര്‍ന്ന് ഇയാളെ മണലില്‍ ആശുപത്രിയിലും അവിടെ നിന്നും എസ് പി ഫോര്‍ട്ട്, കിംസ് ഏറ്റവുമൊടുവില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, ഞായറാഴ്ച പുലര്‍ച്ചെ സാദ് മരിച്ചു.