എങ്ങനെ പാചകം ചെയ്യണം? എന്ത് പാചകം ചെയ്യണം? ഇനി ആ സംശയം വേണ്ട; പാചകം എളുപ്പത്തിലാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും

Webdunia
ശനി, 4 ജൂണ്‍ 2016 (19:00 IST)
പൊതുവെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് പാചകം. പുതിയ തരം ഡിഷുകള്‍ ഉണ്ടാക്കുന്നതിനായി പണ്ടൊക്കെ നമ്മള്‍ പാചകകലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെയായിരുന്നു ആശ്രയിക്കാറ് എന്നാല്‍ അതില്‍‌നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഇതിനായി ചില മൊബൈല്‍ അപ്ലിക്കേഷനുകള്‍ സജീവമായിക്കഴിഞ്ഞു. അത്തരം ചില അപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.
 
കിച്ചണ്‍ സ്റ്റോറീസ്-  ആന്‍ഡ്രോയിഡ്
 
വിവിധ തരം പാചകവിദ്യകള്‍ പരിചയപ്പെടുത്തുന്ന കിച്ചണ്‍ സ്റ്റോറീസില്‍ പാചകവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും ലഭ്യമാണ്. ഇതിന് പുറമെ പാചകം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന വിഡിയോകളും ഇതില്‍ ലഭ്യമാണ്. ഇതിനോടകം തന്നെ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന കിച്ചണ്‍ സ്റ്റോറീസ് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു അപ്ലിക്കേഷനാണ്. 
 
യുമ്മ്‌ലി റെസിപ്പീസ്- ആന്‍ഡ്രോയിഡ്/ ഐ‌ഒഎസ്/വിന്‍ഡൊ ഫോണ്‍
 
ഒരു ഡിജിറ്റല്‍ പാചക ബുക്ക് എന്നതിലുപരി പാചകകലയുടെ സെര്‍ച്ച് എഞ്ചിന്‍ എന്ന് വേണമെങ്കില്‍ യുമ്മ്‌ലി റെസിപ്പീസിനെ വിശേഷിപ്പിക്കാം. വിവിധ രുചിക്കൂട്ടുകള്‍ എളുപ്പത്തിലും വേഗത്തിലും നല്‍കുന്നതുകൊണ്ടുതന്നെ യുമ്മ്‌ലി റെസിപ്പീസിന് മികച്ച പ്രതികരണം ലഭിക്കുന്നു. പാചകകലയെ പരിചയപ്പെടുത്തുന്ന വിവിധ സൈറ്റുകളെയും ഈ അപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നു.
 
ഗ്രീന്‍ കിച്ചണ്‍- ഐ‌ഒഎസ്
 
വളരെ ഏറെ പ്രചാരത്തിലുള്ള ഒരു അപ്ലിക്കേഷനാണ് ഗ്രീന്‍ കിച്ചണ്‍. വെജിറ്റേറിയന്‍ വിഭവങ്ങളുടെ പാചക വിവരങ്ങളാണ് ഈ അപ്ലിക്കേഷനില്‍ ലഭ്യമാകുക. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ ആയിരത്തിലേറെ വിഭവങ്ങള്‍ ഈ ആപ്പിലൂടെ പരിചയപ്പെടാം.
 
ഫോര്‍ക്സ് ഓവര്‍ ക്നീവ്സ്- ആന്‍ഡ്രോയിഡ്/ ഐ‌ഒഎസ്
 
ഇരുന്നൂറിലധികം പാചകക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന ഫോര്‍ക്സ് ഓവര്‍ ക്നീവ്സ് ദിവസേനയുള്ള ഭക്ഷണ ക്രമത്തേകുറിച്ചും വ്യക്തമാക്കുന്നു. വിവിധ സമയങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കഴിക്കേണ്ട വിഭവങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് ഈ ആപ് പറഞ്ഞു തരുന്നു. 
 
ഫിറ്റ് മെന്‍ കുക്ക്- ഐ‌ഒഎസ്
 
‘നമ്മുടെ ശരീരം ഉണ്ടാക്കിയത് അടുക്കളയിലാണ്. ശരീരത്തിന്റെ രൂപഭംഗി മെനഞ്ഞെടുത്തത് ജിമ്മിലും’ എന്നതാണ് ഈ ആപിന്റെ പരസ്യ വാചകം തന്നെ. പരസ്യവാചകം സൂചിപ്പിക്കന്നതുപോലെ തന്നെ ഈ ആപ് പ്രധാനമായും പരിചയപ്പെടുത്തുന്നത് ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായി പുരുഷന്മാര്‍ കഴിക്കേണ്ട ഭക്ഷണങ്ങളേക്കുറിച്ചാണ്. 
അതിന് പുറമെ ‘ടേബിള്‍ മാനേജ്മെന്റിനെക്കുറിച്ചും’ ഈ ആപ് പറയുന്നു.
Next Article