പാനീയങ്ങളില്‍ പ്രഥമസ്ഥാനമാണ് പാലിനുള്ളത്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണമാണ് പാലിനെ ജനപ്രിയ പാനീയമാക്കിയത്. ഒരുപാട് പോഷകങ്ങള്‍ അടങ്ങിയ പാൽ കുടിച്ചാലുള്ള കുഴപ്പം എന്താണെന്ന് അറിയണോ?
ശരീരത്തിന് അത്യന്തം അപകടകരമായി മാറുന്ന ഹോര്‍മോണുകള്‍ക്ക് തുല്യമായ കീടനാശിനികള്‍ ചേര്‍ത്തുണ്ടാക്കുന്ന കാലിത്തീറ്റകളാണ് പശുക്കളുടെ ഇന്നത്തെ ആഹാരം. അതോടെ പാലിന്‍റ ഘടനയില്‍ത്തന്നെ ഏറെ വ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. ഒപ്പം പാലില്‍ ചേര്‍ക്കുന്ന മായങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നു.
കൂടാതെ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും അമിതോപയോഗം, പാല്‍ ഉപയോഗിച്ചുള്ള തെറ്റായ പാചകരീതി എന്നിവയും വിവിധ രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. ‘ലാക്ടോബാസിലസ്’എന്ന ബാക്ടീരിയകള്‍ ശരീരത്തിന് ഗുണകരവും ദഹനപ്രക്രിയക്ക് സഹായിക്കുന്നവയുമാണ് എന്നാല്‍ പ്രിസര്‍വേറ്റിവ്സിന്റെ അതിപ്രസരമുള്ള കവര്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ കുടലില്‍നിന്ന് പൂര്‍ണമായും ലാക്ടോബാസിലസിനെ ഉന്മൂലനം ചെയ്യും.
പാലില്‍ പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. പാട മാറ്റാതെയുള്ള പാലിന്റെ പാലുല്‍പന്നങ്ങളുടെയും അമിതോപയോഗം കൊളസ്ട്രോള്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കാറുണ്ട്.
പാലില്‍ കലര്‍ത്തിയ മായം തിരിച്ചറിയാന്‍ പല വഴികള്‍ ഉണ്ട്. അഞ്ച് എം.എല്‍ പാലില്‍ ഒരു തുള്ളി അയഡിന്‍ ലായനി ചേര്‍ക്കുക. നീലനിറം ഉണ്ടാവുകയാണെങ്കില്‍ പാലില്‍ അന്നജം ചേര്‍ത്തുവെന്ന് ഉറപ്പിക്കാം. അതുപൊലെ പത്ത് എം എല്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കുലുക്കുക. നല്ല പതയുണ്ടെങ്കില്‍ സോപ്പുപൊടി ഉണ്ടെന്ന് മനസ്സിലാക്കാം. ഒരു തുള്ളി പാല്‍ ചരിഞ്ഞ പ്രതലത്തില്‍ വെക്കുക. ശുദ്ധമായ പാല്‍ താഴോട്ട് സാവാധാനം ഒഴുകുകയും ഒരു വെള്ളവരപോലെ കാണുകയും ചെയ്യും. എന്നാല്‍ വെള്ളം ചേര്‍ത്ത പാല്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര കാണുകയുമില്ല.