ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു രോഗമാണ് പ്രമേഹം. സാധാരണയായി ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതര്‍ കഴിക്കേണ്ടത്. ഏതു ഭക്ഷണമാണെങ്കിലും വേവുകൂടിയാൽ ജിഐ കൂടും. അതുകൊണ്ടുതന്നെ ഓട്ട്സ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ അത് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയിൽനിന്നും മാറ്റുകയും വേണം.
രണ്ടു മിനിറ്റിൽ കൂടുതലായി ഓട്ട്സ് തിളപ്പിച്ചാൽ അതിലെ അമൂല്യമായ നാരുകൾ നശിച്ചുപോകുകയും അത് കഞ്ഞിക്കു തുല്യമാകുന്നതോടെ ജിഐ കൂടുതലാകുകയും ചെയ്യും. വെന്തു കുഴഞ്ഞാൽ അത് പെട്ടെന്നു ദഹിക്കുകയും ഉടന്‍തന്നെ ശരീരത്തിലേക്ക് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗർനില പെട്ടെന്നുയരുകയും ചെയ്യും. അതിനാല്‍ ചോറും പലതവണ തിളപ്പിച്ചൂ പശപ്പരുവത്തിലാക്കി കഴിക്കരുത്.
കപ്പ ,ചേമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം പ്രമേഹരോഗികള്‍ വളരെ ഇഷ്ടപ്പെടുന്നവയാണ്. എന്നാല്‍ അവയുടെയെല്ലാം ജിഐ ഏകദേശം നൂറ് ആയതിനാൽ അവയെല്ലാം ഒഴിവാക്കേണ്ടതാണ്. വല്ലാതെ കൊതിയുണ്ടെങ്കിൽ മിതമായ അളവിൽ മാത്രം അവ കഴിക്കുക. ഇവ കഴിക്കുന്നതിനു മുമ്പ് ഒരു പാത്രം സലാഡ് കഴിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.