സാഫ് കപ്പില്‍ മാലദ്വീപ് കടന്ന് ഇന്ത്യ ഫൈനലില്‍

Webdunia
വ്യാഴം, 31 ഡിസം‌ബര്‍ 2015 (19:47 IST)
സാഫ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നു. സെമി ഫൈനലിൽ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ക്യാപ്‌റ്റൻ സുനിൽ ഛേത്രി ഒരു ഗോൾ നേടിയപ്പോള്‍ ജെജെ ലാൽ പെഖുല രണ്ട് ഗോൾ നേടി. കഴിഞ്ഞ മൂന്നു സാഫ് ടൂർണമെന്റുകളിലും മാലദ്വീപിനെ തോൽപ്പിച്ച ഇന്ത്യക്ക് ഇതോടെ വിജയത്തുടർച്ചയുമായി.

24 മത് മിനുട്ടിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 33മത് മിനുട്ടിലും 65മത് മിനുട്ടിലുമായിട്ടായിരുന്നു ജെജെ ലാലിന്റെ രണ്ട് ഗോളുകൾ. അഹമ്മദ് നാഷിദ്, അംദാൻ അലി എന്നിവരാണ് മാലദ്വീപിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യറൗണ്ടിലെ രണ്ടു കളികളും ജയിച്ചു ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്.