Euro 2024: പ്രായം ബാധിച്ചുവോ? പെനാൽറ്റി പാഴാക്കി റൊണാൾഡോ, ഷൂട്ടൗട്ടിൽ രക്ഷകനായി ഡിയാഗോ കോസ്റ്റാ

അഭിറാം മനോഹർ

ചൊവ്വ, 2 ജൂലൈ 2024 (13:05 IST)
Euro 2024, Portugal
യൂറോകപ്പില്‍ സ്ലോവേനിയക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ പോര്‍ച്ചുഗലിന് വിജയം. 3-0ന് സ്ലൊവേനിയയെ കീഴടക്കാനായതോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പോര്‍ച്ചുഗലിനായി കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവര്‍ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ സ്ലൊവേനിയയുടെ 3 കിക്കുകളും പോര്‍ച്ചുഗീസ് ഗോള്‍കീപ്പറായ ഡിയാഗോ കോസ്റ്റ തടുത്തിട്ടു.
 
120 മിനിറ്റ് കളിച്ചിട്ടും ശക്തരായ പോര്‍ച്ചുഗലിനെതിരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ സ്ലൊവേനിയക്കായി. എക്‌സ്ട്രാ ടൈമില്‍ മത്സരത്തില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലെടുക്കാന്‍ സ്ലൊവേനിയക്കായില്ല. അതേസമയം എക്‌സ്ട്രാ ടൈമില്‍ കളി ജയിക്കാന്‍ പോര്‍ച്ചുഗലിന് കിട്ടിയ പെനാല്‍ട്ടി അവസരം സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കി. 102മത് മിനിറ്റില്‍ ഡിയാഗോ ജോട്ടയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍