എൽ ക്ലാസിക്കോയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ 2015ന് ശേഷം ബയണിനെ വീഴ്ത്തി ബാഴ്സ, ഫ്ളിക് ഇറയെന്ന് ആരാധകർ

അഭിറാം മനോഹർ

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:23 IST)
Barcelona
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വര്‍ഷങ്ങളായി കൊണ്ടുനടന്നിരുന്ന പക വീട്ടി ബാഴ്‌സലോണ. ബ്രസീലിയന്‍ സൂപ്പര്‍ താരം റഫീഞ്ഞ ഹാട്രിക്കുമായി തിളങ്ങിയ ആവേശപോരാട്ടത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിനെ 4-1നാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. 2015ന് ശേഷം ഇതാദ്യമായാണ് ബയണ്‍ മ്യൂണിക്ക് ബാഴ്‌സലോണയ്ക്ക് മുന്നില്‍ പരാജയപ്പെടുന്നത്.
 
മത്സരത്തിന്റെ 1,45,56 മിനിറ്റുകളില്‍ ഗോള്‍ നേടിയ ബ്രസീലിയന്‍ താരം റാഫീഞ്ഞയുടെ ഹാട്രിക് പ്രകടനമാണ് ബാഴ്‌സലോണയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. മുന്‍ ബയണ്‍മ്യൂണിക് താരം കൂടിയായ ലവന്‍ഡോസ്‌കിയാണ് ബാഴ്‌സയുടെ മറ്റൊരു ഗോള്‍ നേടിയത്. ഹാരി കെയ്‌നാണ് ബയണിന്റെ ആശ്വാസഗോള്‍ നേടിയത്. ലയണല്‍ മെസ്സി ക്ലബ് വിട്ട ശേഷം സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ട്രോഫിയിലും കാര്യമായ നേട്ടങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിട്ടില്ല.
 
 മുന്‍ താരമായിരുന്ന ചാവിയുടെ നേതൃത്വത്തില്‍ ബാഴ്‌സ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഒടുവില്‍ ബയണ്‍ മ്യൂണിക്കിന്റെ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ പാളയത്തിലെത്തിച്ചതോടെയാണ് ബാഴ്‌സ ഫീനിക്‌സ് പക്ഷികളെ പോലെ ഉയിര്‍ത്തെഴുന്നേറ്റത്.ബാഴ്‌സലോണയിലെ ലാ മാസിയയില്‍ വളര്‍ത്തിയെടുത്ത താരങ്ങളെ വിശ്വാസത്തിലെടുത്ത ഹാന്‍സി ഫ്‌ളിക് വലിയ സൂപ്പര്‍ താരങ്ങളില്ലാത്ത ബാഴ്‌സയെ കരുത്തരായ സംഘമാക്കി മാറ്റുകയായിരുന്നു. ഞായറാഴ്ച ലാലിഗയില്‍ ചിരവരികളായ റയല്‍ മാഡ്രിഡുമായാണ് ബാഴ്‌സലോണയുടെ അടുത്തമത്സരം. സൂപ്പര്‍ താരങ്ങളുടെ പടയുമായി ഇറങ്ങുന്ന റയലിനെ ഹാന്‍സി ഫ്‌ളിക്കിന് കീഴിലുള്ള ബാഴ്‌സയ്ക്ക് പരാജയപ്പെടുത്താനാകും എന്നാണ് ബാഴ്‌സ ആരാധകരുടെ പ്രതീക്ഷ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍