കണങ്കാല്‍ മടങ്ങിയതിനു ശേഷവും കളിച്ചു; മെസിയുടെ പരുക്ക് ഗുരുതരം, ഒരു മാസത്തോളം വിശ്രമം വേണ്ടിവരും

രേണുക വേണു
ബുധന്‍, 17 ജൂലൈ 2024 (09:53 IST)
Lionel Messi

കോപ്പ അമേരിക്ക ഫൈനലില്‍ കാലിനു പരുക്കേറ്റ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് ഒരു മാസത്തോളം വിശ്രമം വേണ്ടിവരും. ഇന്റര്‍ മിയാമിക്കു വേണ്ടി ഉടന്‍ കളത്തിലിറങ്ങാന്‍ താരത്തിനു സാധിക്കില്ല. വലുത് കാലിലെ ലിഗ്മെന്റിനാണ് മെസിക്ക് പരുക്കേറ്റിരിക്കുന്നത്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടണമെങ്കില്‍ ഒരു മാസത്തിലേറെ വിശ്രമം ആവശ്യമാണെന്നാണ് ഇന്റര്‍ മിയാമി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
 
താരത്തിന്റെ വലതുകാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ക്ലബിന്റെ ലക്ഷ്യം. നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം മാത്രമേ ക്ലബിനായി മെസി കളിക്കൂ എന്നും ഇന്റര്‍ മിയാമിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 
 
കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതിയിലാണ് മെസിയുടെ കാലിനു പരുക്കേറ്റത്. കണങ്കാലില്‍ ശക്തമായ വേദന അനുഭവപ്പെട്ട മെസി ഏതാനും മിനിറ്റിനു ശേഷം കളി തുടര്‍ന്നു. പിന്നീട് 65-ാം മിനിറ്റിലാണ് കാലുവേദന ശക്തമായതിനെ തുടര്‍ന്ന് മെസിക്ക് കളം വിടേണ്ടി വന്നത്. പരുക്കേറ്റ ശേഷം കളിച്ചത് മെസിയുടെ പരുക്കിന്റെ വ്യാപ്തി കൂടാന്‍ കാരണമായിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article