ബ്രസീലിനെതിരെ നടന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് ശേഷമുള്ള അടുത്ത മത്സരത്തിലും തോൽവി അറിയാതെ അർജെന്റീന. ഇന്നലെ യുറുഗ്വക്കെതിരെ നടന്ന മത്സരം ഇരുടീമുകളും രണ്ട് ഗോളുകൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. ബ്രസീലിനെതിരെ നടത്തിയ പ്രകടനത്തിന്റെ ബാക്കിയായി മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീനക്ക് പക്ഷേ ഗോൾ അവസരങ്ങൾ ഒന്നും തന്നെ മത്സരത്തിൽ മുതലെടുക്കാനായില്ല.
രണ്ടുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ എഡിൻസൺ കവാനിയുടെ ഗോളിന് 34മത് മിനുറ്റിൽ യുറുഗ്വയാണ് മുൻപിലെത്തിയത്. എന്നാൽ മത്സരത്തിന്റെ 63മത് മിനുറ്റിൽ സെർജിയോ അഗ്യൂറോയുടെ ഹെഡറിൽ അർജെന്റീന സമനില പിടിച്ചു. പക്ഷേ അർജെന്റീനയുടെ സമനിലക്ക് അധികം ആയുസ്സില്ലെന്ന് തെളിയിച്ചു കൊണ്ട് ബാർസലോണയിൽ മെസ്സിയുടെ സഹതാരമായ സുവാരസ് യുറുഗ്വക്ക് വേണ്ടി ലീഡ് നേടി. 69മത് മിനുറ്റിൽ ലഭിച്ച ഫ്രീകിക്ക് അവസരം മികച്ചൊരു കിക്കിലൂടെ യുറുഗ്വ താരം മുതലെടുക്കുകയായിരുന്നു.
സുവാരസിന്റെ ഫ്രീകിക്ക് ഗോളോട് കൂടി മത്സരം യുറുഗ്വ പക്ഷത്തേക്ക് നീങ്ങിയെങ്കിലും അവസാന നിമിഷം അർജെന്റീനക്ക് വേണ്ടി മെസ്സി ഗോൾ നേടി മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു. കളിയുടെ അധികസമയത്ത് ബോക്സിൽ വെച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിനെ തുടർന്നാണ് 92മത് മിനുറ്റിൽ അർജെന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിട്ടിയ പെനാൽറ്റി അവസരം അർജന്റീന നായകൻ കൂടിയായ മെസ്സി ലക്ഷ്യത്തിലെത്തികുകയായിരുന്നു.