ധോണിയെ മറികടന്ന് കോഹ്ലി, എങ്ങും വിരാട് മയം !

ചിപ്പി പീലിപ്പോസ്
ചൊവ്വ, 19 നവം‌ബര്‍ 2019 (12:26 IST)
ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും തകര്‍ത്ത് ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ് സ്വന്തമാക്കിയതിന്റെ സന്തോഷം ഒട്ടും ചോർന്നിട്ടില്ല. ജയത്തോടൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ന്നിരിക്കുകയാണ്.
 
മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് വിരാട് നിഷ്പ്രയാസം മറികടന്നത്. സച്ചിൻ ടെൻണ്ടുൽക്കർ, ധോണി തുടങ്ങിയ ഇതിഹാസ താരങ്ങളുടെയെല്ലാം റെക്കോർഡുകൾ ഓരോന്നായി തിരുത്തിക്കൊണ്ടിരിക്കുകയാണ് കോഹ്ലി. ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് ഇപ്പോൾ തിരുത്തിയത്. 
 
കഴിഞ്ഞ ദിവസത്തെ വിജയമടക്കം 10 ഇന്നിങ്‌സ് വിജയങ്ങളാണ് വിരാടിന്റെ നായകത്വത്തില്‍ ഇന്ത്യ നേടിയത്. ധോണിക്ക് ഒമ്പതും അസ്ഹറുദീന് എട്ടും ഇന്നിങ്‌സ് വിജയങ്ങളാണുള്ളത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സ് വിജയങ്ങള്‍ സ്വന്തം മണ്ണില്‍ നേടുന്നത്.
 
അതേസമയം, ലോക റെക്കോര്‍ഡില്‍ മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പവും വിരാട് എത്തി. 32 ടെസ്റ്റ് വിജയങ്ങളാണ് വിരാടിനും അലന്‍ ബോര്‍ഡറിനുമുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി വിരാട്. സ്റ്റീവ് വോ മൂന്നാമതും റിക്കി പോണ്ടിങ് രണ്ടാമതും ഗ്രെയിം സ്മിത്ത് ഒന്നാമതും നിൽക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article