ഈ താരങ്ങളെ പുറത്താക്കണം, ബാഴ്‌സയെ വെള്ളം കുടിപ്പിച്ച് മെസി - താരം ക്ലബ് വിടുമോ എന്നതില്‍ തീരുമാനമാകുന്നു

വ്യാഴം, 23 മാര്‍ച്ച് 2017 (14:07 IST)
ബാഴ്‌സലോണയില്‍ തുടരണമെങ്കില്‍ താന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ക്ലബ് അധികൃതര്‍ അംഗീകരിക്കണമെന്ന് ലയണല്‍ മെസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമം ദൈറിയോ ഗോള്‍ ആണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്.

നിലവിലെ ബാഴ്സലോണ ടീമില്‍ ആശങ്കയുണ്ടെന്നും, ഇതിനാല്‍ മുന്‍നിരയില്‍ കളിക്കാന്‍ ശേഷിയുള്ള പുതിയ സ്‌ട്രൈക്കറെ ഉടന്‍ പാളയത്തിലെത്തിക്കണം. മൊണോക്കന്‍ താരങ്ങളായ കൈലിയന്‍ മ്ബാപ്പെ, ബെര്‍ണാഡൊ സില്‍വ, ബൊറിസ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം ഔസ്മാനെ ഡെമ്പേലെ എന്നിവരെ ബാഴ്‌സ സ്വന്തമാക്കണമെന്നും മെസി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

യുവതാരം അന്റോണി ഗ്രീസ്മാന്‍, ആഴ്‌സണല്‍ താരം ഹെക്ടര്‍ ബെല്ലാറിനെയും ബാഴ്‌സലോണയില്‍ എത്തിക്കണമെന്നും മെസി ആവശ്യപ്പെട്ടതായും സ്പാനിഷ് മാധ്യമം പറയുന്നു. നിലവിലെ താരങ്ങളായ ആന്ദ്രെ ഗോമസ്, അദ്രോ ടുറാന്‍, പാകോ അല്‍കാസെര്‍ എന്നിവരെ ഒഴിവാക്കി പുതുമുഖങ്ങളെ ടീമില്‍ എത്തിക്കണമെന്നും മെസി ആവശ്യപ്പെട്ടതായും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

ആവശ്യങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമെ ബാഴ്‌സയില്‍ മെസി തുടരാന്‍ സാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ കരാറില്‍ താരം ഇതുവരെ ഒപ്പുവെച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക