സിംപിള്‍ മെസി പവര്‍ഫുള്ളായി; ഇടിയും, ഉന്തും തള്ളുമായി താരങ്ങള്‍

വ്യാഴം, 6 ഓഗസ്റ്റ് 2015 (12:53 IST)
എതിരാളികളുടെ അതിശക്തമായ ടാക്ലിങ്ങുകൾക്കും കഠിനമായ ശാരീരിക ഉപദ്രവങ്ങൾക്കും പതിവായി വിധേയനാകുന്ന അർജന്റീനയുടെ ഫുട്ബോൾ സൂപ്പർതാരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായ ലയണൽ മെസിക്ക് ഒടുവില്‍ നിയന്ത്രണം നഷ്‌ടപ്പെട്ടു. ന്യൂകാംപിൽ ഇന്നലെ നടന്ന സൗഹൃദ മൽസരത്തിനിടയിലാണ് മെസി എതിര്‍ താരത്തെ തല കൊണ്ട് ഇടിച്ചത്.

പുതിയ സീസണിന് മുന്നോടിയായി സീരി എയിലെ മുൻനിര ടീമായ എഎസ് റോമയും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം പുരൊഗമിക്കുന്നതിന് ഇടയിലായിരുന്നു മെസിയുടെ ഇടി. റോമയുടെ ഫ്രഞ്ച് ‍പ്രതിരോധനിരതാരം മാപൗ യാങ്കാ എംബിവയുമായാണ് മെസി കൈയാങ്കളിക്ക് മുതിർന്നത്. മെസി പന്തുമായി നീങ്ങുന്നതിനിടെയില്‍ റഫറി വിസില്‍ മുഴക്കുകയായിരുന്നു. വിസിലൂതിയതിനെ തുടർന്ന് തിരിച്ചെത്തിയ മെസി എംബിവയ്ക്ക് ലക്ഷ്യമാക്കി നടന്നടുക്കുകയും 'തലപ്രയോഗം' നടത്തുകയുമായിരുന്നു. എന്നിട്ടും മതിവരാതെ എംബിവയുടെ കഴുത്തിനു പിടിച്ചു തള്ളാൻ ശ്രമിച്ച മെസിക്ക് നേരെ എംബിവയും 'തലപ്രയോഗം' നടത്താന്‍ ശ്രമിച്ചെങ്കിലും റഫറി ഇടപെടുകയായിരുന്നു. ഇരുവർക്കും മഞ്ഞക്കാർഡ് നൽകിയാണ് റഫറി പ്രശ്നത്തിന് പരിഹാരം കണ്ടത്.

മെസി പ്രകോപിതനായതിന്റെ കാരണം വ്യക്തമല്ല. മെസി ഒരു ഗോളും നേടിയ മൽസരത്തിൽ ബാർസ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം കണ്ടു. നെയ്മർ, ഇവാൻ റാക്കിട്ടിച്ച് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

വെബ്ദുനിയ വായിക്കുക