ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍ ഫിലിപ്‌സ് തന്നെ, ഒടുവില്‍ ജോണ്ടി റോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്

അഭിറാം മനോഹർ

ചൊവ്വ, 11 മാര്‍ച്ച് 2025 (13:50 IST)
ഈ തലമുറയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഇതിഹാസ ഫീല്‍ഡറുമായ ജോണ്ടി റോഡ്‌സ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉടനീളം വണ്ടര്‍ ക്യാച്ചുകളുമായി ഗ്ലെന്‍ ഫിലിപ്‌സ് കളം നിറഞ്ഞിരുന്നു. ഇതോടെയാണ് ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ച ജോണ്ടി റോഡ്‌സ് തന്നെ ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്.
 
 ഫീല്‍ഡില്‍ അലസരായി മാത്രം നിന്നിരുന്ന കളിക്കാരില്‍ നിന്നും മാറി മത്സരത്തില്‍ എതിര്‍ ടീമിന്റെ സ്‌കോര്‍ മികച്ച ഫീല്‍ഡിങ്ങിലൂടെ 30-40 റണ്‍സുകളോളം കുറയ്ക്കാന്‍ സാധിക്കുമെന്നും ക്യാച്ചുകള്‍ മത്സരഫലത്തെ തന്നെ മാറ്റുമെന്ന് തെളിയിച്ചത് ജോണ്ടി റോഡ്‌സായിരുന്നു. പിന്നീട് ജോണ്ടി റോഡ്‌സിന്റെ പാത പിന്‍പറ്റി നിരവധി ഫീല്‍ഡര്‍മാര്‍ ക്രിക്കറ്റില്‍ വളര്‍ന്നു വന്നു. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫീല്‍ഡില്‍ ഗ്ലെന്‍ ഫിലിപ്‌സ് നടത്തിയ അവിസ്മരണീയമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ ആരാധകരാണ് ജോണ്ടി റോഡ്‌സിനെ ടാഗ് ചെയ്ത് കൊണ്ട് ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍ ഫിലിപ്‌സ് ആണെന്ന് അഭിപ്രായപ്പെട്ടത്. അതിനോട് യോജിക്കുന്നു എന്നതായിരുന്നു ജോണ്ടി റോഡ്‌സിന്റെ മറുപടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍