കെ എല്‍ രാഹുലിന്റെ ശത്രു അവന്‍ മാത്രമായിരുന്നു, തിരിച്ചുവരവ് നടത്തിയതില്‍ സന്തോഷം: സഞ്ജയ് മഞ്ജരേക്കര്‍

അഭിറാം മനോഹർ

ചൊവ്വ, 11 മാര്‍ച്ച് 2025 (18:03 IST)
2025ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നിര്‍ണായകപ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ വികറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും സമ്മര്‍ദ്ദഘട്ടത്തെ അതിജീവിച്ച് ടീമിനെ വിജയത്തിലെത്തിക്കാന്‍ രാഹുലിനായിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ കെ എല്‍ രാഹുല്‍ സമ്മര്‍ദ്ദഘട്ടത്തില്‍ വീണിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ തീര്‍ത്തും പുതിയ രാഹുലിനെയാണ് കാണാനായത്.
 
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 34 പന്തില്‍ 42 റണ്‍സും ഫൈനല്‍ മത്സരത്തില്‍ പുറത്താകാതെ 33 പന്തില്‍ 34 റണ്‍സുമാണ് രാഹുല്‍ നേടിയത്. ഈ 2 ഇന്നിങ്ങ്‌സുകളും നിര്‍ണായകമായിരുന്നുവെന്ന് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പിലെ പ്രകടനത്തില്‍ എല്ലാവരും അവനെ കുറ്റപ്പെടുത്തി. ആ തോല്‍വി തന്നെ വേട്ടയാടിയെന്നും വേദനിപ്പിച്ചെന്നും പിന്നീട് രാഹുല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം തിരിച്ച് വന്ന രീതിക്ക് കൈയടിക്കാം.
 
 അദ്ദേഹത്തിന് ഒരേയൊരു ശത്രുമാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ അത് ഏതെങ്കിലും ഒരു ബൗളറല്ല അദ്ദേഹത്തിന്റെ മാനസികാവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളറെ റിലാക്‌സ്ഡായാണ് രാഹുല്‍ ക്രീസില്‍ തുടരുന്നത്. സമ്മര്‍ദ്ദമില്ലാതെ കളിക്കുന്ന രാഹുലിനെ തടയാന്‍ ആര്‍ക്കുമാകില്ല എന്നതാണ് സത്യം. മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍