യുവന്റസ് താരം ഡാനിയേൽ റുഗാനിക്ക് കൊവിഡ് 19: റൊണാൾഡോ അടക്കമുള്ള സഹതാരങ്ങൾ നിരീക്ഷണത്തിൽ

അഭിറാം മനോഹർ

വ്യാഴം, 12 മാര്‍ച്ച് 2020 (12:51 IST)
ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ഡാനിയേൽ റുഗാനിക്ക് കൊവിഡ് 19 എന്ന് സ്ഥിരീകരണം.റുഗാനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും താരവുമായി സമ്പർക്കത്തിലിരുന്ന മറ്റുള്ളവരെ കണ്ടത്താനുള്ള ശ്രമത്തിലാണുള്ളതെന്നും യുവന്റസ് വ്യക്തമാക്കി. സൂപ്പർതാരം റൊണാൾഡോ അടക്കമുള്ള താരങ്ങൾ കർശന നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
 
ദിവസങ്ങൾക്ക് മുൻപ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന യുവന്റസ്- ഇന്റർമിലാൻ മത്സരത്തിലെ വിജയത്തിന് ശേഷം യുവന്റസ് നടത്തിയ വിജയാഘോഷത്തിൽ താരങ്ങൾക്കൊപ്പം റുഗാനിയും പങ്കെടുത്തിരുന്നു.ഇറ്റലിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റോണാൾഡോ ഉള്ളതെന്നാണ് സൂചന.
 
റുഗാനിയെ ഐസൊലേഷനിലേക്ക് മാറ്റുന്നതുൾപ്പടെ എല്ലാ നടപടികളും സ്വീകരിച്ചതായി ക്ലബ് അറിയിച്ചു. എല്ലാ മുൻ കരുതല് നടപടികളും കൈകൊണ്ടിട്ടുണ്ടെന്നും ക്ലബ് വ്യക്തമാക്കി. അതേ സമയം താൻ സന്തോഷവാനാണെന്നും സുഖമായിരിക്കുന്നുവെന്നും റുഗാനി ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍