മെസ്സിയെ മറികടന്ന് യുവേഫയുടെ 2023ലെ മികച്ച പുരുഷതാരമായി ഹാലൻഡ്, ബാലൺ ഡി ഓറിലും മെസ്സിയ്ക്ക് വെല്ലുവിളിയാകും

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:57 IST)
ലയണല്‍ മെസ്സിയും കെവിന്‍ ഡിബ്രുയിനും ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് യുവേഫയുടെ 2023ലെ ഏറ്റവും മികച്ച പുരുഷ താരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ലിംഗ് ഹാലന്‍ഡ്. കഴിഞ്ഞ വര്‍ഷം കരീം ബെന്‍സേമയ്ക്കായിരുന്നു പുരസ്‌കാരം. സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും നടത്തിയ ഗോള്‍വേട്ടയാണ് ഹാലന്‍ഡിന് തുണയായത്.
 
പരിശീലകരും മാധ്യമപ്രവര്‍ത്തകരും പങ്കാളികളായ വോട്ടിംഗിലൂടെയാണ് വിജയിയെ തെരെഞ്ഞെടുത്തത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ 36 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടപ്പോള്‍ 12 ഗോളുകള്‍ ഹാലന്‍ഡിന്റെ പേരിലുണ്ടായിരുന്നു. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റി ബോന്മാറ്റിയാണ് മികച്ച വനിതാ താരം. കിലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി എന്നിവരും ഹാലന്‍ഡിനൊപ്പം മത്സരരംഗത്തുണ്ടായിരുന്നു.
 
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയെ ട്രെബിള്‍ കിരീടനേട്ടത്തിലേക്ക് നയിച്ച പെപ്പ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. ഇംഗ്ലണ്ടിന്റെ സരീന്‍ വെയ്ഗ്മാന്‍ വനിതാ വിഭാഗത്തില്‍ മികച്ച പരിശീലകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 202223 സീസണില്‍ ക്ലബിലും രാജ്യാന്തര തലത്തിലുമായി 56 ഗോളുകളാണ് ഹാലന്‍ഡ് സ്വന്തമാക്കിയത്. 54 ഗോളുകളാണ് ഈ സമയത്തിനിടയില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയത്. അതേസമയം 200708 സീസണിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം യുവേഫ പ്ലെയര്‍ ഓഫ് ദ ഇയറും പിഎഫ്എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം എഫ് ഡബ്യു എ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടുന്ന പ്രീമിയര്‍ ലീഗില്‍ നിന്നുള്ള ആദ്യ താരമെന്ന നേട്ടവും ഹാലന്‍ഡ് സ്വന്തമാക്കി. 2008ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡോയ്ക്കായിരുന്നു. എന്നാല്‍ അതിന് ശേഷം ഒരു പ്രീമിയര്‍ ലീഗ് താരത്തിനും ആ നേട്ടം സ്വന്തമാക്കാനായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article